മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാനായിരുന്നു യുവരാജിന്റെ പദ്ധതി. ഇതിനായി ബിസിസിഐയുടെ അനുമതിയും തേടിയിരുന്നു. എന്നാല്‍ ബിസിസിഐ സമ്മതം മൂളിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

019ലാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിക്കലിന് ശേഷം കാനഡ ഗ്ലോബല്‍ ടി20യില്‍ കളിക്കാന്‍ യുവരാജിന് അനുമതി ലഭിച്ചിരുന്നു. അതിന് ശേഷമാണ് പഞ്ചാബിനുവേണ്ടി വീണ്ടും കളിക്കാന്‍ യുവരാജ് ആഗ്രഹം പ്രകടിപ്പിച്ചത്. നേരത്തെ പഞ്ചാബിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ യുവരാജ് സിങ്ങും ടീമിന്റെ ഭാഗമായിരുന്നു. അദ്ദേഹം പരിശീലനം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ പിന്തുണച്ചു. യുവരാജിന് കളിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തടയാന്‍ ബിസിസിഐ സമ്മതം മൂളണമെന്ന് ഗംഭീര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ജനുവരി 10 മുതല്‍ 31വരെയാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി നടക്കുന്നത്. ഇത്തവണ പഞ്ചാബിന് മന്ദീപ് സിങ്ങാവും നയിക്കുക. ഇന്ത്യ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്.  304 ഏകദിനത്തില്‍ നിന്നും 8701 റണ്‍സും നേടിയിട്ടുള്ള യുവി 58 ടി20 മത്സരങ്ങളും കളിച്ചു. 1177 റണ്‍സും 28 വിക്കറ്റും യുവരാജിന്റെ പേരിലുണ്ട്.