രണ്ടാം ടെസ്റ്റിന് മുമ്പ് ഇഷാന്‍ കിഷനോട് സംസാരിച്ചുവെന്നും സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചു കളിക്കാന്‍ ഉപദേശിച്ചുവെന്നും രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജേസണ്‍ ഹോള്‍ഡര്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച് കിഷന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി.
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റിലും അവസരം കിട്ടിയിട്ടും അത് മുതലാക്കാനാവാതിരുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെതിരെ വിമര്‍ശനവുമായി സഹീര്‍ ഖാന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 37 പന്തില്‍ 25 റണ്‍സെടുത്ത് ഇഷാന്‍ പുറത്തായിരുന്നു. ആദ്യ ടെസ്റ്റില്‍ ആദ്യ റണ്‍ നേടാന്‍ 19 പന്തുകള്‍ ഇഷാന്‍ നേരിട്ടത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അതൃപ്തിക്കും കാരണമായിരുന്നു.
രണ്ടാം ടെസ്റ്റിന് മുമ്പ് ഇഷാന്‍ കിഷനോട് സംസാരിച്ചുവെന്നും സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചു കളിക്കാന്‍ ഉപദേശിച്ചുവെന്നും രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജേസണ്‍ ഹോള്‍ഡര്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച് കിഷന്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി. എന്നാല്‍ ഇഷാന്‍ കിഷന്‍ പുറത്തായത് ടി20 ക്രിക്കറ്റിലോ ഏകദിന ക്രിക്കറ്റിലോ കളിക്കേണ്ട ഷോട്ട് കളിച്ചാണെന്ന് ജിയോ സിനിമയിലെ കമന്‍ററിക്കിടെ മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ പറഞ്ഞു.

നല്ല രീതിയിലാണ് കിഷന്‍ തുടങ്ങിയത്. അതുകൊണ്ടുതന്നെ ഇത്തരമൊരു മോശം ഷോട്ട് കളിച്ച് പുറത്തായതില്‍ അവന് ശരിക്കും നിരാശയുണ്ടാകും. 35-40 പന്തുകള്‍ കളിക്കുകയും 25 റണ്‍സെടുത്ത് നന്നായി തുടങ്ങുകയും ചെയ്തശേഷം ഇത്തരം ഷോട്ട് കളിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കളിയുടെ തുടക്കത്തിലെ പുറത്താവുന്നത് അത്ര വലിയ വിഷയമല്ല. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ചു എന്ന് തോന്നിച്ചശേഷം ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത് വൈറ്റ് ബോള്‍ ക്രിക്കറ്റിന്‍റെ അമിത സ്വാധീനം മൂലമാണ്. അതുകൊണ്ടുതന്നെ ആ ഷോട്ട് കളിച്ചതില്‍ ഇഷാന്‍ കിഷന് കടുത്ത നിരാശയുണ്ടാകും. മികച്ചൊരു ഇന്നിംഗ്സ് കളിക്കാനുള്ള അവസരമാണ് അതുവഴി ഇഷാന്‍ കിഷന്‍ നഷ്ടമാക്കിയതെന്നും സഹീര്‍ പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത് ശ്രീകര്‍ ഭരതായിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഭരതിനെ മാറ്റിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലും ഇഷാന്‍ കിഷന് അവസരം നല്‍കിയത്.
