ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ് റണ്‍ചേസായിരുന്നു ഈ മത്സരത്തിലേത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു.

ദില്ലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (IND vs SA) ആദ്യ ടി20യില്‍ കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. യൂസ്‌വേന്ദ്ര ചാഹലിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. നാലാം ഓവറില്‍ തന്നെ ചാഹലിനെ (Yuzvendra Chahal) പന്തെറിയാന്‍ ഏല്‍പ്പിച്ചു. ആ ഓവറില്‍ 16 ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. പിന്നീട് ചാഹലിനെ ഉപയോഗിച്ചത് എട്ടാം ഓവറിലും. ആറ് റണ്‍സ് മാത്രമാണ് ആ ഓവറില്‍ ചാഹല്‍ നല്‍കിയത്. പിന്നീട് ചാഹലിനെ ഉപയോഗിച്ചത് പോലുമില്ല.

റണ്‍സ് വിട്ടുകൊടുത്താല്‍ പോലും തിരിച്ചുവരാന്‍ ശേഷിയുള്ള താരമാണ് ചാഹലെന്നാണ് സഹീര്‍ (Zahir Khan) പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഒരു മത്സരത്തിന്റെ ഫലത്തില്‍ മാറ്റം വരുത്താന്‍ കെല്‍പ്പുള്ള താരമാണ് ചാഹല്‍. ശരിയാണ്, ചാഹലിന്റെ തുടക്കം മോശമായിരുന്നു. എന്നാല്‍, റണ്‍സ് വിട്ടുകൊടുത്താന്‍ പോലും അദ്ദേഹത്തിന് തിരിച്ചെത്താന്‍ സാധിക്കും. ചാഹല്‍ മുമ്പും അതു തെളിയിച്ചിട്ടുള്ളതാണ്. അങ്ങനെയൊരു താരത്തെ എന്തുകൊണ്ട് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ലന്ന് കോച്ചിംഗ് സ്റ്റാഫുകള്‍ ചര്‍ച്ച ചെയ്യണ്ടേതുണ്ട്.'' സഹീര്‍ പറഞ്ഞു.

യുവതാരങ്ങള്‍ അടങ്ങുന്ന ഇന്ത്യന്‍ ടീമിനെ കുറിച്ചും സഹീര്‍ സംസാരിച്ചു... ''പരിചയസമ്പന്നിരില്ലെങ്കില്‍ പോലും ഇന്ത്യന്‍ ടീം വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സംഘമാണ്. ദക്ഷിണാഫ്രിക്ക ജയിച്ചുതുടങ്ങിയതോടെ ഇനിയുള്ള മത്സരങ്ങളുടെ വീര്യം കൂടും. ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കും ഇനി പ്രതികരിക്കുകയെന്നു ഇനി നമുക്ക് കാത്തിരുന്ന് കാണാം.'' സഹീര്‍ കൂട്ടിചേര്‍ത്തു. 

ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ് റണ്‍ചേസായിരുന്നു ഈ മത്സരത്തിലേത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 

31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3. ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. 

ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. പരമ്പരയിലെ അടുത്ത മത്സരം ഞായറാഴ്ച നടക്കും.