സൂപ്പർ ഓവറിൽ  ആദ്യം ബാറ്റ് ചെയ്ത കേപ്‌ടൗണ്‍ സാം ആര്‍മി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ എട്ട് റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഹരാരെ ഹറിക്കെയ്ന്‍സ് ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. തോറ്റെങ്കിലും ലീഗില്‍ എട്ട് പോയന്‍റുള്ള കേപ്‌ടൗണ്‍ സാം ആര്‍മി തന്നെയാണ് ഒന്നാമത്. ഹരാരെ ഹറിക്കെയ്ന്‍സ് ആറ് പോയന്‍റുമായി മൂന്നാമതാണ്. 

ഹരാരെ: മലയാളി പേസര്‍ ശ്രീശാന്തിന്‍റെ ഡെത്ത് ഓവര്‍ ബൗളിംഗ് മികവില്‍ സിംബാബ്‌വേയിൽ നടക്കുന്ന സിം ആഫ്രോ ടി-10 ലീഗിൽ ഹരാരെ ഹറിക്കെയ്ന്‍സിന് ജയം. കേപ്‌ടൗൺ സാം ആർമിക്കെതിരെയായിരുന്നു ഹരാരെ ഹറിക്കെയ്ന്‍സിനായി ഇറങ്ങിയ ശ്രീശാന്തിന്‍റെ മിന്നും പ്രകടനം.10 ഓവറില്‍ 116 വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ടൗൺ സാം ആർമിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ എട്ട് റണ്‍സായിരുന്നു വേണ്ടിയിരുന്നത്.ഇംപാക്ട് പ്ലേയറായി അവസാന ഓവര്‍ എറിയാനിറങ്ങിയ ശ്രീശാന്ത് ഏഴ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ മത്സരം ടൈ ആയി. പിന്നീട് നടന്ന സൂപ്പര്‍ ഓവറിലാണ് ഹരാരെ ഹറിക്കെയ്ന്‍സ് ജയിച്ചു കയറിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉജ്ജ്വല ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാൻ താരം കരീം ജന്നത്തിനെ ശ്രീശാന്ത് തകർപ്പൻ ഇൻസ്വിംഗറിലൂടെ ക്ലീൻ ബൗൾഡ് ആക്കിയതാണ് കളിയില്‍ വഴിത്തിരിവായത്. രണ്ടാം പന്തില്‍ ഷോണ്‍ വില്യംസ് സിംഗിളെടുത്തു. മൂന്നാം പന്തില്‍ മാത്യു ബ്രീറ്റ്സെകെ ശ്രീശാന്തിനെ ബൗണ്ടറി കടത്തിയതോടെ കളി കൈവിട്ടെന്ന് ഹറിക്കെയ്ന്‍സ് കരുതിയെങ്കിലും നാലാം പന്തില്‍ ലെഗ് ബൈയിലും ഒരു റണ്ണെ ശ്രീശാന്ത് വഴങ്ങിയുള്ളു. അഞ്ചാം പന്തില്‍ ഷോണ്‍ വില്യംസിനെ റണ്ണൗട്ടാക്കിയ ശ്രീശാന്ത് അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റൺസ് വേണ്ടപ്പോൾ മികച്ച യോർക്കറിലൂടെ ഒരു റൺസ് മാത്രം വിട്ടുകൊടുത്ത് മത്സരം ടൈ ആക്കി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത കേപ്‌ടൗണ്‍ സാം ആര്‍മി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ എട്ട് റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഹരാരെ ഹറിക്കെയ്ന്‍സ് ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു. തോറ്റെങ്കിലും ലീഗില്‍ എട്ട് പോയന്‍റുള്ള കേപ്‌ടൗണ്‍ സാം ആര്‍മി തന്നെയാണ് ഒന്നാമത്. ഹരാരെ ഹറിക്കെയ്ന്‍സ് ആറ് പോയന്‍റുമായി മൂന്നാമതാണ്.

തിരിച്ചുവരവില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്ത ശ്രീശാന്തിനെ ഹരാരെ ഹറിക്കെയ്ന്‍സ് ഉടമയും മലയാളിയുമായ സോഹൻ റോയ് അഭിനന്ദിച്ചു.സൂപ്പർ ത്രില്ലിംഗ് ഓവറോടുകൂടി മത്സരത്തിന്‍റെ ഗതിതിരിച്ചത് ശ്രീശാന്ത് ആയിരുന്നുവെന്നും ടീമിന്‍റെ അഭിമാനമാണ് ശ്രീശാന്തെന്നും സോഹന്‍ റോയ് പറഞ്ഞു.സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ള ടീമിന്‍റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവസരം നല്‍കിയതില്‍ അദ്ദേഹത്തോട് നന്ദിയുണ്ടെന്നും ശ്രീശാന്ത് മത്സരശേഷം പറഞ്ഞു.

ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സിഇഒയുമായ സോഹൻ റോയിയും ചേർന്നാണ് ഹരാരെ ഹറിക്കെയ്ൻസിനെ സ്വന്തമാക്കിയിരിക്കുന്നത്.ഡോ.എൻ പ്രഭിരാജ് ആണ് ടീമിന്‍റെ സിഇഒ.