12 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചപ്പോള്‍ 2016ല്‍ ഹരാരെയില്‍ 10 വിക്കറ്റിന് ജയിച്ചതാണ് ഒടുവിലത്തേത്

ഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ഇന്ന് തുടങ്ങുകയാണ്. ആദ്യ മത്സരം ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12.45നാണ് തുടങ്ങുക. യുവ ടീമാണെങ്കിലും ടീം ഇന്ത്യക്ക് മത്സരത്തിന് മുമ്പ് ഏറെ ആത്മവിശ്വാസം പകരുന്നതാണ് സിംബാബ്‌വെക്കെതിരായ റെക്കോര്‍ഡ്. 

1983ലാണ് ഇന്ത്യയും സിംബാബ്‌വെയും ആദ്യമായി നേര്‍ക്കുനേര്‍ വന്നത്. ഇതുവരെ 63 ഏകദിനങ്ങളില്‍ ഇരുകൂട്ടരും മുഖാമുഖം വന്നപ്പോള്‍ 51 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. സിംബാബ്‌വെയുടെ ജയം 10ല്‍ ഒതുങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1993ല്‍ ഇന്‍ഡോറിലും 1997ല്‍ പാളിലുമായിരുന്നു സമനിലകള്‍. എട്ട് പരമ്പരകള്‍ കളിച്ചപ്പോള്‍ ഏഴിലും ഇന്ത്യയാണ് ജയിച്ചത്. 1996-97ല്‍ രണ്ട് മത്സരങ്ങളുടെ പരമ്പര വിജയിച്ചു. 2013ന് ശേഷം മിന്നും പ്രകടനമാണ് സിംബാബ്‌വെക്കെതിരെ ഇന്ത്യക്കുള്ളത്. 12 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചപ്പോള്‍ 2016ല്‍ ഹരാരെയില്‍ 10 വിക്കറ്റിന് ജയിച്ചതാണ് ഒടുവിലത്തേത്. 

കെ എല്‍ രാഹുലിന്‍റെ നായകത്വത്തിലാണ് ഇന്ത്യ ഇക്കുറി സിംബാബ്‌വെയില്‍ ഇറങ്ങുന്നത്. പരിക്കും കൊവിഡും കഴിഞ്ഞുള്ള തിരിച്ചുവരവില്‍ രാഹുല്‍ തന്നെയാണ് പരമ്പരയുടെ ശ്രദ്ധാകേന്ദ്രം. ഏഷ്യാ കപ്പിന് മുമ്പ് താളം വീണ്ടെടുക്കേണ്ട ആവശ്യകത രാഹുലിനുണ്ട്. ട്വന്‍റി 20യിലെ ഓപ്പണറുടെ റോളാകുമോ ഏകദിനത്തിൽ അടുത്തിടെ പതിവാക്കിയ ഫിനിഷറുടെ ചുമതലയാകുമോ രാഹുല്‍ ഏറ്റെടുക്കുക എന്ന് വ്യക്തമല്ല. സ്‌ക്വാഡിലുള്ള മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് പ്രധാനപ്പെട്ട വേദിയാണ് ഹരാരെ. 2015ൽ സഞ്ജു രാജ്യാന്തര അരങ്ങേറ്റം കുറിച്ച വേദിയാണിത്. അന്തിമ ഇലവനിലെത്താന്‍ ഇടംകയ്യന്‍ ബാറ്റര്‍ കൂടിയായ ഇഷാന്‍ കിഷനുമായി മത്സരിക്കുകയാണ് സഞ്ജു. പരിക്കില്‍ നിന്ന് മടങ്ങിയെത്തുന്ന ദീപക് ചാഹറുടെ തിരിച്ചുവരവും പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. 

ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

നേട്ടങ്ങള്‍ക്കരികെ ധവാനും രാഹുലും; സിംബാബ്‍വെയില്‍ പിറക്കാന്‍ സാധ്യതയുള്ള നാഴികക്കല്ലുകള്‍