ദേശീയഗാനത്തോട് കെ എല്‍ രാഹുല്‍ വലിയ ആദരവ് കാണിച്ചു എന്ന് ആരാധകര്‍ പ്രശംസിക്കുന്നു- വീഡിയോ
ഹരാരെ: ടീം ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ ആരാധകരുടെ മനം കവര്‍ന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍. ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിന് മുന്നോടിയായി വായില്‍ നിന്ന് ചൂയിംഗം രാഹുല്‍ എടുത്തുമാറ്റിയതിനെ പ്രശംസിക്കുകയാണ് ആരാധകര്‍. ദേശീയഗാനത്തോട് രാഹുല്‍ വലിയ ആദരവ് പ്രകടിപ്പിച്ചു എന്ന് ആരാധകര്‍ പ്രശംസിക്കുന്നു. രാഹുലിന്‍റെ വീഡിയോ ഏറെപ്പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
കെ എല്‍ രാഹുലിന്‍റെ ക്യാപ്റ്റന്‍സിയില്‍ സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനം ഇന്ത്യ വിജയിച്ചു. ക്യാപ്റ്റനായി ഇതാദ്യമായാണ് രാഹുല്‍ വിജയിക്കുന്നത്. പരിക്കിന്‍റെയും കൊവിഡിന്‍റേയും നീണ്ട ഇടവേള കഴിഞ്ഞ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയതായിരുന്നു കെ എല്‍ രാഹുല്‍. കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മടങ്ങിയെത്താനിരുന്നതാണെങ്കിലും കൊവിഡ് ബാധിതനായത് തിരിച്ചടിയായി.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലെ മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറില്‍ 189 റണ്‍സില്‍ പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ പേസര്‍മാരായ ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരാണ് എറിഞ്ഞിട്ടത്. മറ്റൊരു പേസര്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. ബ്രാഡ് ഇവാന്‍സ്(33), റിച്ചാര്‍ഡ് ഗവാര(34), ക്യാപ്റ്റന്‍ റെഗിസ് ചകാബ(35) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ടോപ് ത്രീയെ പുറത്താക്കി ചാഹര്‍ തുടക്കത്തിലെ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയിരുന്നു.
190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 30.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 81 റണ്‍സോടെ ശിഖര്‍ ധവാനും 82 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. ഗില്ലിനെ ഓപ്പണറാക്കിയതോടെ നായകന്‍ കെ എല്‍ രാഹുലിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നാളെ നടക്കും.
