മാഞ്ചസ്റ്റര്‍: ആവശ്യത്തിന് ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഉള്ളപ്പോഴും പല ടീമുകളും വിക്കറ്റ്കീപ്പര്‍മാരുടെ കുറവ് അനുഭവിക്കാറുണ്ട്. പണ്ട് ഇന്ത്യന്‍ ടീം ഏറ്റവും കൂടുതല്‍ അനുഭവിച്ച ഒരു പ്രശ്നമായിരുന്നു നന്നായി ബാറ്റ് ചെയ്യുന്ന ഒരു വിക്കറ്റ്കീപ്പറുടെ അഭാവം.

അങ്ങനെ സൗരവ് ഗാംഗുലിയുടെ കണ്ടെത്തലായി മഹേന്ദ്ര സിംഗ് ധോണി എത്തിയതോടെയാണ് പല പരീക്ഷണങ്ങള്‍ നടന്ന വിക്കറ്റ്കീപ്പര്‍ സ്ഥാനത്തേക്ക് ഉചിതമായ ഒരു താരം എത്തിയത്. എന്നാല്‍, ഇപ്പോള്‍ ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നും രണ്ടുമല്ല അഞ്ച് വിക്കറ്റ്കീപ്പര്‍മാരാണ് ഉള്ളത്.

അതില്‍ മൂന്ന് പേര്‍ സ്പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പര്‍മാര്‍ തന്നെയാണെന്നുള്ളതാണ് രസകരമായ കാര്യം. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ്കീപ്പര്‍ മുന്‍ നായകന്‍ കൂടിയായ എം എസ് ധോണിയാണ്. വിക്കറ്റ്കീപ്പര്‍ എന്നതിനൊപ്പം മധ്യനിരയിലെ വിശ്വസ്തന്‍ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി.

ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകനെന്ന പ്രൗഡ‍ിയോടെ ധോണി ടീമിന്‍റെ അവിഭാജ്യ ഘടകമായി ഇപ്പോഴും നില്‍ക്കുന്നു. ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്തിയതാണ് ദിനേശ് കാര്‍ത്തിക്. ടീമിലെ ഏറ്റവും സീനിയര്‍ താരങ്ങളില്‍ ഒരാളായ കാര്‍ത്തിക് തന്‍റെ ബാറ്റിംഗ് മികവ് പലവട്ടം തെളിയിച്ചിട്ടുണ്ട്.

ഫിനിഷര്‍ എന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്ന താരമായ കാര്‍ത്തിക്കിന് ലോകകപ്പില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ശിഖര്‍ ധവാന് പരിക്കേറ്റതോടെ ടീമിലെത്തിയ ഋഷഭ് പന്താണ് ഇപ്പോള്‍ സംഘത്തിലുള്ള മൂന്നാം സ്പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പര്‍. പന്തിനെ ലോകകപ്പ് ടീമില്‍ എടുക്കാതിരുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പിന്നീട് സ്റ്റാന്‍ഡ് ബെെ താരമായി മാറിയ പന്ത് ധവാന് പരിക്കേറ്റതോടെ ടീമില്‍ ഇടം നേടി. ഇടംകെെ ബാറ്റ്സ്മാന്മാര്‍ ഇല്ലാത്തതിനാല്‍ ഋഷഭ് പന്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. എങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഒരു ബിഗ് ഹിറ്റര്‍ കൂടെ കളത്തിലെത്തും.

സ്പെഷ്യലിസ്റ്റ് വിക്കറ്റ്കീപ്പര്‍മാര്‍ അല്ലെങ്കിലും വിക്കറ്റിന് പിന്നില്‍ പലവട്ടം പരീക്ഷിക്കപ്പെട്ട രണ്ട് താരങ്ങളാണ് കെ എല്‍ രാഹുലും കേദാര്‍ ജാദവും. ഇക്കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും കെ എല്‍ രാഹുല്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍റെ വിക്കറ്റ് കീപ്പര്‍ ആയിരുന്നു.

2017 സീസണില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്‍റെ വിക്കറ്റ് കീപ്പര്‍ ആയിരുന്നു കേദാര്‍ ജാദവ്. ഇരുവരും ഇന്ത്യയുടെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. ധവാന് പരിക്കേറ്റതോടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ എത്തിയപ്പോള്‍ മധ്യനിരയിലാണ് കേദാറിന്‍റെ സ്ഥാനം. ബൗളിംഗും വഴങ്ങുന്ന കേദാര്‍ വിക്കറ്റ്കീപ്പിംഗും വശമുള്ള സകലകലാവല്ലഭനാണെന്ന് സാരം.