ലണ്ടന്‍: കഴിഞ്ഞ വർഷം ഫുട്ബോൾ ലോകകപ്പ് കാലത്ത് ഇംഗ്ലീഷുകാർ പാടി നടന്ന പാട്ടാണ് 'ഇറ്റ്സ് കമിംഗ് ഹോം' (ഫുട്ബോള്‍ ഈസ് കമിംഗ് ഹോം). ലോകകപ്പ് നേടുമെന്ന പ്രതീക്ഷയായിരുന്നു ആ പാട്ട്. ഇത്തവണ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയതോടെ ഈ പാട്ട് വീണ്ടും സജീവമാണ്.

ഹാരി കെയ്ന്‍റെ കീഴിൽ റഷ്യൻ ലോകകപ്പിൽ സെമിവരെ കുതിച്ചെത്തിയിരുന്നു ഇംഗ്ലീഷ് ടീം. ഇംഗ്ലണ്ടിലെ തെരുവുകളിലും വീടുകളിലും പബ്ബുകളിലും ഈ പാട്ട് അലയടിച്ചു. 1966ന് ശേഷം ഒരിക്കൽ കൂടെ ഇംഗ്ലീഷ് മണ്ണില്‍ കപ്പെത്തുന്നത് സ്വപ്നം കണ്ടു ഇംഗ്ലീഷുകാർ. പക്ഷെ സെമിയിലെ അധിക സമയത്ത് ക്രൊയേഷ്യയുടെ മരിയോ മാൻസൂക്കിച്ച് സ്വപ്നങ്ങൾ അവസാനിപ്പിച്ചു.

കൃത്യം ഒരുവർഷത്തിനിപ്പിറം മറ്റൊരു ജൂലൈ 11ന് ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് ക്രിക്കറ്റിൽ ഫൈനലിലേക്ക് കുതിച്ചു ഇംഗ്ലണ്ട്. ബ്രിട്ടനിൽ വീണ്ടും ആ പാട്ടിന്‍റെ പുതിയ പതിപ്പ് അലയടിക്കുകയാണ്- ക്രിക്കറ്റ് ഈസ് കമിംഗ് ഹോം. 1996 യൂറോ കപ്പിന് ഇംഗ്ലണ്ട് ആതിഥേയരായ വർഷം ലൈറ്റ്നിംഗ് സീഡ് എന്ന ഇംഗ്ലീഷ് ബാന്‍റാണ് ഇറ്റ്സ് കമ്മിംഗ് ഹോം എന്ന പാട്ട് ചിട്ടപ്പെടുത്തിയത്.