നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച മാത്യൂസ് സെഞ്ചുറി നേടി.

ലീഡ്‌സ്: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസിന്‍റെ ഇഷ്ട ഗ്രൗണ്ടുകളിലൊന്നാണ് ഇംഗ്ലണ്ടിലെ ലീഡ്‌സ്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിലും ഇക്കാര്യം മാത്യൂസ് തെളിയിച്ചു. നാല് വിക്കറ്റിന് 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ലങ്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച മാത്യൂസ് സെഞ്ചുറി നേടി. മാത്യൂസ് 128 പന്തില്‍ 113 റണ്‍സ് നേടിയാണ് പുറത്തായത്.

ലീഡ്‌സില്‍ മുന്‍പ് രണ്ട് തവണ ഏകദിനം കളിച്ചപ്പോഴും ഏയ്ഞ്ചലോ മാത്യൂസ് നോട്ടൗട്ടായിരുന്നു. 85*, 46* എന്നിങ്ങനെയായിരുന്നു അന്ന് സ്‌കോറുകള്‍. ഏകദിനത്തില്‍ മാത്യൂസിന്‍റെ മൂന്ന് സെഞ്ചുറികളും ഇന്ത്യക്കെതിരെയാണ് എന്നതും സവിശേഷതയാണ്. 

ഇന്ത്യക്കെതിരെ മാത്യൂസിന്‍റെ കരുത്തില്‍ ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റിന് 264 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ലഹിരു തിരിമന്നെയ്‌ക്കൊപ്പം 124 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചത് നിര്‍ണായകമായി. തിരിമന്നെ 68 പന്തില്‍ 53 റണ്‍സെടുത്തു. മാത്യൂസ് 115 പന്തില്‍ മൂന്നാം ഏകദിന ശതകം തികച്ചു. ഇന്ത്യക്കായി ബൂമ്ര മൂന്നും ഭുവിയും പാണ്ഡ്യയും ജഡേജയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്‌ത്തി.