ടോന്‍ടണ്‍: റണൗട്ടുകള്‍ ഒഴിവാക്കാനുള്ള തീവ്ര പരിശീലനത്തിലായിരുന്നു ഇന്നലെ ഓസ്ട്രേലിയൻ ടീം. ഇന്ത്യക്കെതിരായ ഫിഞ്ചിന്‍റെ പുറത്താകലാണ് പരിശീലനത്തിന് വഴിവെച്ചത്. ഫിസിക്കല്‍ പെര്‍ഫോമൻസ് മാനേജര്‍ ആൻഡ്രൂ വെല്ലറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ഇന്ത്യക്കെതിരായ മത്സരത്തില്‍ ഡേവിഡ് വാര്‍ണ്ണറും ആരോണ്‍ ഫിഞ്ചും ഏറെ കരുതലോടെയാണ് തുടങ്ങിയത്. പക്ഷേ. 14-ാം ഓവറിലാണ് ഫിഞ്ച് റണ്ണൗട്ട് ആയത്. നായകന്‍റെ പുറത്താകലിന് ടീം വലിയ വില നല്‍കേണ്ടിവന്നു. ഒടുവില്‍ 36 റണ്‍സിന് ഓസ്ട്രേലിയ തോറ്റു. റണ്ണൗട്ടുകള്‍ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്ന നിര്‍ദ്ദേശമാണ് പരിശീലകൻ ജസ്റ്റിൻ ലാംഗര്‍ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വിക്കറ്റിനിടയിലെ ഓട്ടത്തിന് പ്രത്യേക പരിശീലനം നടത്തിയത്.

ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാനെ ഓസ്‌ട്രേലിയ നേരിടും. ടോന്‍ടണ്‍ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. ഇന്ത്യയോട് ഏറ്റ പരാജയം മറയ്ക്കാൻ ഫിഞ്ചിനും കൂട്ടാളികൾക്കും ഇന്ന് ജയിക്കണം. ഇംഗ്ലണ്ടിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ് സർഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്.