ബിര്‍മിംഗ്‌ഹാം: ലോകകപ്പില്‍ മികച്ച ഫോമിലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്. ഇന്ത്യക്കെതിരെയും സ്റ്റോക്‌സിന്‍റെ വമ്പനടി ഇംഗ്ലണ്ടിന് തുണയായി. 54 പന്തില്‍ 79 റണ്‍സ് നേടിയപ്പോള്‍ സ്റ്റോക്‌സിന്‍റെ 'ക്ലാസ്' വ്യക്തമാക്കിയ ഒരു സിക്‌സുമുണ്ടായിരുന്നു.

സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ 40-ാം ഓവറിലെ നാലാം പന്തിലായിരുന്നു സ്റ്റോക്‌സിന്‍റെ തകര്‍പ്പന്‍ ഷോട്ട്. സ്വിച്ച് ഹിറ്റിനായി തയ്യാറെടുത്ത് നിന്നിരുന്ന സ്റ്റോക്‌സിന്‍റെ ബാറ്റിംഗ് പവറില്‍ പന്ത് എക്‌സ്‌ട്രാ കവറിന് മുകളിലൂടെ ഗാലറിയിലെത്തി. മത്സരത്തില്‍ മോശം ഫോമിലായിരുന്ന ചാഹല്‍ 10 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 88 റണ്‍സ് വിട്ടുകൊടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വമ്പന്‍ തുടക്കത്തിന് ശേഷം 50 ഓവറില്‍ 337-7 എന്ന സ്‌കോറില്‍ ഒതുങ്ങി. ഒരുവേള 400 കടക്കുമെന്ന് തോന്നിച്ച ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുമായി ഷമിയാണ് തളച്ചത്. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ 111 റണ്‍സും ജാസന്‍ റോയ് 66 റണ്‍സുമെടുത്തു. റൂട്ട് 44ല്‍ പുറത്തായപ്പോള്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ 300 കടത്തിയത്. ബുമ്രയും കുല്‍ദീപും ഓരോ വിക്കറ്റും നേടി.