ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പതിയെ കളിച്ചെങ്കിലും വാര്‍ണറുടെ ബാറ്റില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരെ മെല്ലെപ്പോക്കിലായിരുന്നു ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പതിവില്‍ നിന്ന് വ്യത്യസ്‌തമായി വേഗം കുറഞ്ഞ വാര്‍ണര്‍ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ഇന്ത്യക്കെതിരായ മത്സരത്തിലടക്കം പതിയെ കളിച്ചെങ്കിലും വാര്‍ണറുടെ ബാറ്റില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

പ്രത്യേക സെന്‍സര്‍ ഘടിപ്പിച്ച ബാറ്റുമായാണ് വാര്‍ണര്‍ ലോകകപ്പില്‍ കളിക്കുന്നതും പരിശീലനം നടത്തുന്നതും. ബാക്ക് ലിഫ്‌റ്റ്, ബാറ്റ് സ്‌പീഡ് അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ ബാറ്റ്സ്‌മാന് അറിയാന്‍ പറ്റും. ബാറ്റ് സെന്‍സറുകള്‍ക്ക് 2017ല്‍ ഐസിസി അനുമതി നല്‍കിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു താരം ഇത് പരീക്ഷിക്കുന്നത്. 

ബാറ്റിന്‍റെ പിടിക്ക് മുകളില്‍ ഘടിപ്പിക്കുന്ന സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി അറിയാന്‍ കഴിയും. ഇന്ത്യക്കെതിരെ ജസ്‌പ്രീത് ബുമ്രയെ കരുതലോടെ വാര്‍ണര്‍ കളിച്ചത് ഈ ബാറ്റിന്‍റെ സഹായത്തോടെയാണ്. സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ ബാറ്റ്സ്‌മാന്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായകമാണ് എന്നാണ് വിലയിരുത്തല്‍.