ലണ്ടന്‍: ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വച്ചല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശ്രീലങ്ക ഇന്ന് ഇറങ്ങിയത്. എന്നാല്‍, അവരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കളഞ്ഞു ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസ്. പ്രിട്ടോറിയസിന് ഈ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയത് ഇത് രണ്ടാം തവണ മാത്രം. ഓവലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ആദ്യ മത്സരം. അന്ന് വിക്കറ്റൊന്നും കിട്ടാതിരുന്നത് കൊണ്ട് ദക്ഷിണാഫ്രിക്ക ഈ മുപ്പതുകാരനെ പിന്നീട് പരിഗണിച്ചതേയില്ല.

ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും ലോകകപ്പ് സെമിയില്‍ സാധ്യതയില്ലെന്ന ഘട്ടത്തിലാണ് വീണ്ടും പ്രിട്ടോറിയസിനെ പരിഗണിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസിസ് ഇന്ന് ദുഃഖിക്കുന്നുണ്ടാവണം, ഈ ഓള്‍റൗണ്ടര്‍ക്ക് നിര്‍ണയാക മത്സരങ്ങളില്‍ അവസരം കൊടുക്കാത്തതില്‍. എന്തായാലും ഇപ്പോള്‍ കിട്ടിയ അവസരം ശരിക്കും പ്രിട്ടോറിയസ് മുതലാക്കി.

ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരേ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി. പത്തോവറില്‍ വെറും 25 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. വെറും മൂന്നു വിക്കറ്റല്ല, എണ്ണം പറഞ്ഞ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ വിക്കറ്റ്. മികച്ച അടിത്തറ പാകി മുന്നേറുകയായിരുന്ന കുശാല്‍ പെരേര, മൂന്നാമനായിറങ്ങിയ അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരെയാണ് പ്രിട്ടോറിയസ് കൂടാരം കയറ്റിയത്.

പത്തോവറില്‍ രണ്ട് ഓവറുകള്‍ മെയ്ഡനായിരുന്നുവെന്നു കൂടി ഓര്‍ക്കണം. ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ സ്‌റ്റേഡിയത്തില്‍ റണ്‍മഴ ഒഴുകുമെന്ന് കണ്ട് ടോസ് നേടിയ ഉടന്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയുടെ നട്ടെല്ലാണ് ഈ താരം ഒടിച്ചിട്ടത്. പരിക്കായിരുന്നു എന്നും പ്രിട്ടോറിയസിന്റെ പ്രശ്‌നം. ആദ്യ ഏകദിനം കളിച്ചത് 2016ല്‍ അയര്‍ലന്‍‍ഡിനെതിരെ. അഞ്ചോവര്‍ എറിഞ്ഞ് ഒരു വിക്കറ്റും കിട്ടി.

എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് പ്രിട്ടോറിയസിന് ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയത് വെറും 24 മത്സരങ്ങളാണ്. 20 ഏകദിനവും നാല് ട്വന്റി 20യും. 2008ല്‍ അണ്ടര്‍ 19 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും ഈ ഓള്‍റൗണ്ടര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ല. വലത് കൈമുട്ടിനു സാരമായ പരിക്കേറ്റു. അതോടെ കളി കഴിഞ്ഞുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. പക്ഷേ, ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പ്രിട്ടോറിയസിനു മനസു വന്നില്ല.

അങ്ങനെ മൂന്നു വര്‍ഷം വീട്ടിലിരുന്നു. അക്കാലത്ത് ഡിഗ്രിയെടുത്തു നല്ല രീതിയില്‍ പഠിച്ചു. പരിക്ക് ഭേദമായതോടെ, അക്കൗണ്ടിങ് ഡിഗ്രിയുമായാണ് വീണ്ടും പിച്ചിലെത്തിയത്. പക്ഷേ, പരിക്ക് പിന്നെയും പ്രശ്‌നമായി. പലപ്പോഴും പകരക്കാരന്റെ റോളിലേക്ക് മാറ്റപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ വെയ്ന്‍ പാര്‍ണെലിനു പരിക്കേറ്റപ്പോഴും ടെസ്റ്റ് പരമ്പരയില്‍ ഡെയ്ല്‍ സ്റ്റെയിനിനു തോളെല്ലിന് പരിക്കേറ്റപ്പോഴും പകരക്കാരനായി. ഈ ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ പ്രിട്ടോറിയസ് ശരിക്കും സ്റ്റാറെയന്നു വേണം പറയാന്‍.