ദില്ലി: ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര. ആക്ഷനിലെ വ്യത്യസ്തത കൊണ്ടും പേസ് കൊണ്ടും ബാറ്റ്സ്മാന്മാര്‍ക്ക് ഇതിനകം പേടിസ്വപ്നമായി മാറാന്‍ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. അവസാന ഓവറുകളില്‍ എതിര്‍ ടീം കളിക്കാരെ കൂടുതല്‍ റണ്‍സ് നേടുന്നതില്‍ നിന്ന് പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്നുവെന്നതും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറുടെ പ്രത്യേകതയാണ്.

2011ന് ശേഷം വീണ്ടും ലോകകപ്പ് നേടാന്‍ ഉറച്ച് ഇംഗ്ലണ്ടില്‍ എത്തിയ ഇന്ത്യന്‍ ടീമിന് ബുമ്രയില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോള്‍ ബുമ്രയുടെ ബൗളിംഗ് തന്നെ ഏറെ സ്വാധീനിച്ചെന്ന് പറയുകയാണ് ഓസ്ട്രേലിയയുടെ ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. എംആര്‍എഫ് പേസ് ഫൗണ്ടേഷന്‍റെ ടാലന്‍റ് ഹണ്ട് പ്രോഗ്രാമിന്‍റെ ഭാഗമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് മഗ്രാത്ത് ഇപ്പോള്‍ ഇന്ത്യയിലുണ്ട്.

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അവര്‍ ഏറെ മികച്ച കളിയാണ് പുറത്തെടുത്തത്. അതില്‍ ജസ്പ്രീത് ബുമ്ര തന്നെ അത്ഭുതപ്പെടുത്തി. ചെറിയ റണ്‍അപ്പും അസാധാരണമായ ആക്ഷനുമായാണ് ബുമ്ര ബൗള്‍ ചെയ്യുന്നതെന്നും മഗ്രാത്ത് ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കളി ആസ്വദിക്കുന്ന സമയം വരെ ധോണി ക്രിക്കറ്റില്‍ തുടരണമെന്നും അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് വിരാട് കോലിക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും മഗ്രാത്ത് പറഞ്ഞു. നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആകുമെന്ന് മഗ്രാത്ത് പറഞ്ഞിരുന്നു.

2011ല്‍ യുവ്‍രാജ് ചെയ്തത് പോലെ ഹാര്‍ദിക്കിനും കളി മാറ്റിമറിക്കാന്‍ സാധിക്കും. ആ റോള്‍ ഏറ്റെടുക്കാന്‍ അവന് സാധിക്കും. ദിനേശ് കാര്‍ത്തിക്കും നല്ല ഫിനിഷറാണ്. ജസ്പ്രിത് ബുമ്ര ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവര്‍ ക്രിക്കറ്റിലെ ബൗളറാണെന്നും മഗ്രാത്ത് അന്ന് പറഞ്ഞിരുന്നു.