മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂവിയ ഇന്ത്യന്‍ ആരാധകരോട് സ്മിത്തിനായി കൈയടിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ആദരം ഏറ്റുവാങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം. ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരത്തിനിടെയാണ് പാക് ആരാധകരെപപോലും കൈയടിപ്പിച്ച കോലിയുടെ സൗഹാര്‍ദ്ദപരമായ നടപടി.

കോലിക്കു നേരെ പന്തെറിഞ്ഞ പാക് ബൗളര്‍ വഹാബ് റിയാസ് ആക്ഷന്‍ പൂര്‍ത്തിയാക്കിയശേഷം അടിതെറ്റി പിച്ചില്‍ വീണു. എന്നാല്‍ സിംഗിളെടുക്കുന്നതിനിടെ വഹാബിന്റെ ചുമലില്‍ തട്ടി കുഴപ്പമൊന്നുമില്ലല്ലോ എന്ന് കോലി ചോദിച്ചതാണ് പാക് ആരാധകരുടെപോലും കൈയടി നേടിക്കൊടുത്തത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ എഡ്ജ് ചെയ്തെന്ന് കരുതി അമ്പയര്‍ ഔട്ട് വിളിക്കുന്നതിന് മുമ്പെ പവലിയിനിലേക്ക് തിരിച്ചു നടന്നും കോലി ഇന്നലെ മാന്യതയുടെ പ്രതിരൂപമായിരുന്നു.

ഇന്ത്യന്‍ ബാറ്റിംഗിനിടെ പരിക്കേറ്റ വിരലുമായി ഗ്രൗണ്ടിലേക്ക് പന്ത്രണ്ടാമനായി വെള്ള കുപ്പികളുമായി എത്തിയ ശിഖര്‍ ധവാന്‍ പാക് താരം ഷൊഹൈബ് മാലിക്കുമായി സൗഹൃദം പങ്കിട്ടതും മത്സരത്തിലെ വേറിട്ട കാഴ്ചയായി.