ലണ്ടന്‍: ലോകകപ്പ് തുടങ്ങും മുമ്പെ കിരീടം നേടിയവരെപ്പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ശരീരഭാഷയും വാചകമടിയും. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി 300ന് മുകളില്‍ സ്കോര്‍ ചെയ്തും ചേസ് ചെയ്തും അവര്‍ എതിരാളികളെ അമ്പരപ്പിച്ചു. ദക്ഷിണാഫ്രിക്കയെ ആധികാരികമായി കീഴടക്കി ലോകകപ്പിന്റെ തുടക്കവും ഇംഗ്ലണ്ട് ഗംഭീരമാക്കി. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന്റെ മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ മാത്രമാണ് ഇംഗ്ലീഷ് ആരാധകര്‍ ചെറുതായി ഒന്നു ഞെട്ടിയത്. അപ്പോഴും അത് ഒരു മോശം ദിവസം മാത്രമെന്ന് അവര്‍ ആശ്വസിച്ചു.

പാക്കിസ്ഥാനെതിരായ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും ആധികാരികമായി കീഴടക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും ആത്മവിശ്വസത്തിന്റെ കൊടുമുടിയിലായി. എന്നാല്‍ ശ്രീലങ്കക്കും ലസിത് മലിംഗക്കും മുന്നില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഇത്തവണ ശരിക്കും ഞെട്ടി. ടീമിന്റെ ബൗളിംഗ് മികവില്‍ അവര്‍ സംശയിച്ചു.

അപ്പോഴും ചിരവൈരികളായ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് കരുത്തുകാട്ടുമെന്നായിരുന്നു ആരാധകരുടെ വിശ്വാസം. ലോകകപ്പിന് മുമ്പ് സന്നാഹ മത്സരത്തില്‍ ഓസീസിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന ഇംഗ്ലണ്ടിനെ പക്ഷെ ലോകകപ്പിലും കാത്തിരുന്നത് അതേ വിധി തന്നെ. ടൂര്‍ണമെന്റ് ഫേവറൈറ്റുകളായി എത്തി ഇപ്പോള്‍ സെമി സ്ഥാനം ഉറപ്പാക്കാന്‍ അവസാന രണ്ടു കളികളും ജയിക്കണമെന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഫേവറൈറ്റുകള്‍.

ബെന്‍ സ്റ്റോക്സിനെ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ പിഴുതത് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ കൂടിയാണോ എന്ന് വരുന്ന രണ്ട് കളികള്‍ കഴിയുമ്പോള്‍ വ്യക്തമാവും. അവസാന രണ്ടു കളികളും ജയിക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ചെറിയ വെല്ലുവിളിയല്ല. നേരിടാനുള്ളത് ഈ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത രണ്ട് ടീമുകളെയാണ്. ഇന്ത്യയെും ന്യൂസിലന്‍ഡിനെയും. ഈ മാസം 30ന് ബര്‍മിംഗ്ഹാമില്‍ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ട് കടുത്ത സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്.

ജൂലെെ മൂന്നിനാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം. ബാറ്റിംഗ് നിര പെരുമയ്ക്കൊത്ത് ഉയര്‍ന്നുവെങ്കിലും ബാറ്റിംഗ് നിര അടിച്ചെടുക്കുന്ന റണ്‍സ് പ്രതിരോധിക്കാനുള്ള ബൗളിംഗ് ലൈനപ്പേ ഉള്ളൂവെന്നതാണ് ഇംഗ്ലണ്ടിന്റെ പ്രതിസന്ധി. വെറുതെയല്ല, ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞത്, ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്റെ മുഖത്ത് ഭയം നിഴലിച്ചിരിക്കുന്നുവെന്ന്.