ബൗളര്‍മാരില്‍ ഇംഗ്ലീഷ് നിരയില്‍ ജൊഫ്ര ആര്‍ച്ചറാണ് ഇന്ത്യക്കെതിരേ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത്. എട്ടു മത്സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകള്‍.
ലോകകപ്പില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഇന്നു പോരാട്ടം അതിനിര്‍ണായകം. അവരെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍ മരണ മത്സരമാണ്. ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലീഷ് ടീമില്‍ ബാറ്റിങ് നിരയില്‍ ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയിട്ടുള്ളത് രണ്ടു പേരാണ്. ജോ റൂട്ടും, ബെന്‍സ് സ്റ്റോക്‌സും. റൂട്ട് കഴിഞ്ഞ പത്തു മത്സരത്തില്‍ നിന്ന് 595 റണ്‍സ് നേടിയപ്പോള്‍ സ്‌റ്റോക്‌സ് 420 റണ്‍സ് നേടി. ഇരുവരുടെയും ശരാശരി 60 നു മുകളിലാണ്. റൂട്ടിന്റെ സ്‌ട്രൈക്ക് റേറ്റ് ആവട്ടെ 96.59, സ്‌റ്റോക്‌സിന്റേത് 93.12. ഇന്ത്യന്‍ നിരയില്‍ ഇംഗ്ലീഷുകാര്‍ക്ക് മേല്‍ നന്നായി ശോഭിച്ചിട്ടുള്ളത് ക്യാപ്റ്റന്‍ വിരാട് കോലിയും ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ്മയുമാണ്. ഇരുവരുടെയും ഒന്‍പതു മത്സരങ്ങളുടെ കണക്കെടുത്താല്‍ കോലി 582 റണ്‍സ് നേടിയിട്ടുണ്ട്. അതും 103.19 സ്‌ട്രൈക്ക് റേറ്റില്‍. ആവറേജാവട്ടെ 64.66. രോഹിത് ശര്‍മ 503 റണ്‍സ് നേടി. 62.87 ശരാശരിയില്‍ 89.66 സ്‌ട്രൈക്ക് റേറ്റില്‍.
ബൗളര്‍മാരില്‍ ഇംഗ്ലീഷ് നിരയില്‍ ജൊഫ്ര ആര്‍ച്ചറാണ് ഇന്ത്യക്കെതിരേ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത്. എട്ടു മത്സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകള്‍. ലോകകപ്പിലെ ഏഴു മത്സരങ്ങളില്‍ നിന്നായി അത്ര തന്നെ വിക്കറ്റുകള്‍ ഈ പേസര്‍ സ്വന്തമാക്കിയിട്ടുമുണ്ട്. ഭൂരിപക്ഷം മത്സരങ്ങളിലും മൂന്നു വിക്കറ്റുകള്‍. ബംഗ്ലാദേശിനെതിരേയും വെസ്റ്റിന്‍ഡീസിനെതിരേയും അഫ്ഗാനിസ്ഥാനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും തുടര്‍ച്ചയായി ഈ ടൂര്‍ണമെന്റില്‍ ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ച്ചര്‍ കഴിഞ്ഞാല്‍ ഇന്ത്യയെ കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ ഏറെ ക്ഷീണിപ്പിച്ചിട്ടുള്ളത് ക്രിസ് വോക്‌സ് ആണ്.9 മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍.

കഴിഞ്ഞ അഞ്ച് മത്സരങ്ങളുടെ കണക്കെടുത്താല്‍ മൂന്നിലും ജയിച്ചത് ഇംഗ്ലണ്ടാണ്. പൊതുവേ, ആതിഥേയര്‍ എന്ന ആനുകൂല്യവുമുണ്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഇംഗ്ലണ്ട്-അയര്‍ലണ്ട് പര്യടനത്തിലായിരുന്നു ഒടുവിലായി ഇരുവരും ഏറ്റുമുട്ടിയത്. അന്ന് എട്ട് വിക്കറ്റിന് 256 റണ്‍സ് എടുത്ത ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. അതിനു മൂന്നു ദിവസം മുന്‍പ് ഇന്ത്യയ്ക്ക് അതിലും വലിയ ഷോക്ക് ട്രീറ്റ്‌മെന്റും കിട്ടിയിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എഴു വിക്കറ്റിന് 322 റണ്‍സ് എടുത്തപ്പോള്‍ ചെയ്‌സ് ചെയ്ത ഇന്ത്യക്ക് 236-ല്‍ വച്ച് കാലിടറി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ കോലിപ്പട. ഇംഗ്ലണ്ടാവട്ടെ, ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ എട്ടു പോയിന്റുകളുമായി പാക്കിസ്ഥാനു പിന്നിലായി അഞ്ചാം സ്ഥാനത്തുമാണ്. അതു കൊണ്ട് ഇന്ന് ജയം അനിവാര്യം എന്ന സമ്മര്‍ദ്ദവുമായി വേണം ഇന്ത്യയ്‌ക്കെതിരേ കളിക്കേണ്ടത്. അവര്‍ മൂന്നു മത്സരങ്ങള്‍ തോറ്റു തുന്നംപാടിയപ്പോള്‍ ഇന്ത്യ ഇതുവരെ പരാജയം രുചിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ഒരേയൊരു ടീമും ഇന്ത്യ തന്നെയാണ്.
ഇന്ത്യ ജയിച്ചാല്‍ ഇംഗ്ലണ്ടിന്റെ സെമിസാധ്യതയ്ക്കു കാര്യമായി മങ്ങലേല്‍ക്കും. മറ്റുള്ളവരുടെ തോല്‍വി കൂടി കണക്കിലെടുത്താവും പിന്നെ ആതിഥേയരുടെ സാധ്യതകള്‍. അതേസമയം, ഇംഗ്ലണ്ട് തോറ്റാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുടെ സെമിസാധ്യതകള്‍ അല്‍പ്പം കൂടി വര്‍ദ്ധിക്കുകയും ചെയ്യും.
