ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യ. നാളെ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തിന് ശേഷം ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് നേരിടുന്നത്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളാണ് ഇന്ത്യയുടേയും ഇംഗ്ലണ്ടിന്‍റേയും.

അതിനാല്‍ തന്നെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ഇംഗ്ലീഷ് താരങ്ങളും ഇന്ത്യയുടെ ചുണക്കുട്ടികളും തമ്മിലുള്ള പോരാട്ടം. തന്‍റെ മേഖല അല്ലെങ്കില്‍കൂടിയും ക്രിക്കറ്റിനേയും ഫുട്ബോളിനേയുമെല്ലാം ഏറെ ഇഷ്ടപ്പെടുന്നയാളാണ് സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്.

ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ഉസൈന്‍ ബോള്‍ട്ട്. വിജയിയാകുക മറ്റാരുമല്ല ഇന്ത്യ തന്നെയാകുമെന്നും ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുമെന്നുമാണ് താരത്തിന്‍റെ പ്രഖ്യാപനം. ഐസിസി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു താരം.