ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ പരിക്കിന്റെ തുടര്‍ക്കഥകളില്‍ നഷ്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്നു പറയേണ്ടിവരും. ഓപ്പണറും ഫോമിലുള്ള ബാറ്റ്‌സ്മാനുമായ ശിഖര്‍ ധവാന്‍ കൈവിരലുകള്‍ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ടീമിനെ വിട്ടു കഴിഞ്ഞു. അതിനിടയിലാണ് പ്രധാന ബൗളര്‍ ഭുവനേശ്വര്‍ കുമാറിനു പരിക്കേറ്റത്. ഏറ്റവും ആവേശകരമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ വെറും 16 പന്തുകള്‍ മാത്രമാണ് ഭുവിക്ക് എറിയാനായത്. ഇടതു കാലിന്റെ മസിലുകള്‍ക്കാണ് ഭുവനേശ്വറിനു പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് 22-ന് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരവും 27-ന് വെസ്റ്റിന്‍ഡീസിനെതിരേയും 30-ന് ഇംഗ്ലണ്ടിനെതിരേയും ഭുവനേശ്വര്‍ എറിയാനെത്തുകയില്ല.

ഇക്കാര്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം പരിശീലനത്തിനിടയില്‍ വിജയ് ശങ്കറിനും പരിക്കേറ്റിരുന്നു. അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരമാണ് വരാനിരിക്കുന്നതു എന്നതു കൊണ്ട് ശങ്കറിനു വിശ്രമം അനുവദിച്ച് ധവാനു പകരക്കാരനായെത്തിയ ഋഷഭ് പന്തിനു ലോകകപ്പില്‍ അരങ്ങേറാന്‍ അവസരം നല്‍കിയേക്കുമെന്നു സൂചനയുണ്ട്.

ഭുവിക്കു സംഭവിച്ച ഹാംസ്ട്രിംഗ് ഇന്‍ജുറി തന്നെയാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജയ്‌സണ്‍ റോയിക്കും. കാര്‍ഡിഫില്‍ ബംഗ്ലാദേശിനെതിരേ 153 റണ്‍സ് അടിച്ച റോയിക്ക് വെസ്റ്റിന്‍ഡീസിനെതിരേ സതാംപ്ടണില്‍ കളിക്കാനും കഴിഞ്ഞിരുന്നില്ല. റോയിക്കു പകരം ഓപ്പണര്‍ റോളില്‍ ഇറങ്ങിയ ജോ റൂട്ട് ഈ മത്സരത്തില്‍ സെഞ്ചുറി നേടി. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക മത്സരങ്ങള്‍ നഷ്ടപ്പെട്ട റോയി 25-ന് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരേയുള്ള മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. ഈ മത്സരം നഷ്ടപ്പെട്ടാലും അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയ്‌ക്കെതിരേയുള്ള മത്സരത്തിനായി റോയി പാഡ് അണിഞ്ഞേക്കും.

വിന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ മോര്‍ഗന്‍ ഫീല്‍ഡ് വിട്ടിരുന്നുവെങ്കിലും വൈകാതെ തിരിച്ചെത്തിയിരുന്നു. തുടര്‍ന്നുള്ള മത്സരത്തിലാണ് 17 സിക്‌സുകള്‍ പറപ്പിച്ച് മോര്‍ഗന്‍ പരിക്ക് ആശങ്കയില്‍ നിന്നും ഇംഗ്ലീഷ് ആരാധകരെ മോചിപ്പിച്ചത്. ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടെങ്കിലും പരിക്കു മൂലം ആശങ്കപ്പെടുത്തിയത് മൂന്നു ടീമിലെ മൂന്നു താരങ്ങളാണ്.

ഇതിലൊന്ന് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനായിരുന്നു. മറ്റൊരാള്‍ ആതിഥേയരുടെ മാര്‍ക്ക് വുഡും. പിന്നെയൊന്ന് ഇന്ത്യയുടെ കേദാര്‍ ജാദവും. ഇതില്‍ ജാദവും വുഡും ജേഴ്‌സിയണിഞ്ഞപ്പോള്‍ സ്‌റ്റെയിന്‍ ഒരു പന്തു പോലുമെറിയാനാവാതെ ടീം വിടേണ്ടി വന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മാര്‍ക്ക് വുഡ് ഇതുവരെ ലോകകപ്പില്‍ 12 വിക്കറ്റുകളും വീഴ്ത്തി. ഇതില്‍ വെസ്റ്റിന്‍ഡീസിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും മൂന്നു വിക്കറ്റുകളും ഉള്‍പ്പെടുന്നു. ജാദവിനാവട്ടെ പാക്കിസ്ഥാനെതിരേ മാത്രമാണ് ബാറ്റിംഗ് അവസരം ലഭിച്ചത്. പുറത്താകാതെ താരം ഒമ്പത് റണ്‍സ് നേടുകയും ചെയ്തു.

തോളെല്ലിനേറ്റ പരിക്കാണ് സ്റ്റെയിനിനു വിനയായതെങ്കില്‍ മുട്ടിനു പരിക്കേറ്റതാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹസാദിനു പ്രശ്‌നമായത്. രണ്ടു മത്സരങ്ങള്‍ക്ക് ശേഷം താരത്തെ തിരിച്ചു വിളിച്ചെങ്കിലും ഇതു വിവാദമായി. തനിക്കു പരിക്കില്ലെന്നു ഷഹസാദ് കരഞ്ഞു പറഞ്ഞെങ്കിലും ഗുണമുണ്ടായില്ല. ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്റ്റോയിനിസാണ് പരിക്കിന്റെ പിടിയിലുള്ള മറ്റൊരു താരം. എന്നാല്‍ ഓസ്‌ട്രേലിയയുടെ കഴിഞ്ഞ നാലു മത്സരങ്ങളും താരം കളിക്കുകയും ചെയ്തുവെന്നതു വേറെ കാര്യം. എപ്പോള്‍ വേണമെങ്കിലും പുറത്തു പോകാവുന്ന നിലയിലാണ് സ്‌റ്റോയിനിസ് എന്നുള്ളതു കൊണ്ട് മിച്ചല്‍ മാര്‍ഷിനെ കവറിങ് താരമായി ഇംഗ്ലണ്ടിലെത്തിച്ചിരുന്നു.

മത്സരത്തിനിടെ പരിക്കേറ്റ മറ്റു രണ്ടു താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും. രണ്ടുപേരും വൈകാതെ തന്നെ പരിക്കു ഭേദമായി തിരിച്ചെത്തി. അഫ്ഗാനിസ്ഥാന്റെ സ്റ്റാര്‍ ബൗളര്‍ റാഷിദ് ഖാനാണ് പരിക്കില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മറ്റൊരു താരം. ന്യൂസിലന്‍ഡ് ബൗളര്‍ ലോക്കി ഫെര്‍ഗ്യൂസന്റെ ഷോട്ട് ഡെലിവറിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയായിരുന്നു റാഷിദിനു പരിക്കേറ്റത്. എന്നാല്‍, മത്സരങ്ങളൊന്നും നഷ്ടപ്പെടാതെ അദ്ദേഹം തിരിച്ചെത്തി. ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസാണ് പരിക്കിനറെ പിടിയിലുള്ള മറ്റൊരു താരം. പരിക്ക് വഷളാവാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മാത്യൂസ് ബൗള്‍ ചെയ്യുന്നില്ല.

ദക്ഷിണാഫ്രിക്കയുടെ ലുംഗി എങ്കിടി ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് മത്സരങ്ങള്‍ കളിച്ചെങ്കിലും പരിക്ക് ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്. ലോകകപ്പിനിടയില്‍ വിരാട് കോലി, മുഷ്ഫിഖര്‍ റഹിം, നുവാന്‍ പ്രദീപ് എന്നിവര്‍ക്ക് പരിശീലനത്തിനിടയ്ക്കും തമിം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നീ ബംഗ്ലാദേശ് താരങ്ങള്‍ക്ക് രോഗം പിടിപെടുകയും ചെയ്തിരുന്നുവെങ്കിലും മത്സരങ്ങളൊന്നും നഷ്ടപ്പെടുത്തിയില്ല. ഐപിഎല്ലിനു ശേഷം ടീമിലെത്തിയ വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രേ റസലാണ് പലപ്പോഴും പരിക്ക് മൂലം ഫീല്‍ഡില്‍ പുളയുന്ന മറ്റൊരു താരം.