ലണ്ടന്‍: പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനുമൊപ്പം ഒരു പേസര്‍ക്കു വേണ്ടി ഓസ്‌ട്രേലിയ ആശ്രയിക്കുന്നത് മറ്റു മൂന്നു പേരില്‍ ഒരാളെയായിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജാസണ്‍ ബെഹറന്‍ഡോര്‍ഫ് ഇവരാണ് ആ മൂന്നു പേര്‍. ഇതില്‍ ഒരാളെയാണ് ചിരവൈരികളായ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ പരീക്ഷിക്കേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നറുക്ക് വീണത് ബെഹറന്‍ഡോര്‍ഫിന്. എന്താണെന്നോ കാര്യം? ഇത്രത്തോളം ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായ മറ്റൊരു സ്വിങ് ബൗളറും ലോകകപ്പ് സ്‌ക്വാഡില്‍ ഓസീസിന്റെ കൂടാരത്തിലില്ല.

കാര്യം, ഇരുപത്തൊമ്പതുകാരന്‍ ജാസണ് മത്സരപരിചയം കുറവാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനം കൂടി കൂട്ടിയാല്‍ കളിച്ചത് എട്ടേ എട്ടു മത്സരം. ഏഴു ട്വന്റി 20-യും കളിച്ചിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 15 അന്താരാഷ്ട്ര മത്സരങ്ങള്‍. പക്ഷേ, ഫിഞ്ചിന് നല്ല ആത്മവിശ്വാസമായിരുന്നു. വേഗതയും വായുവില്‍ പന്ത് സ്വിങ് ചെയ്യിക്കാനുള്ള അസാമാന്യ കഴിവും ബെഹറന്‍ഡോര്‍ഫിനെ എത്തിക്കുന്നത് വേറെയൊരു ലെവലിലായിരുന്നു. ഓപ്പണര്‍മാര്‍ ക്രീസിലെത്തി നിലയുറപ്പിക്കുന്നതിനു മുന്‍പേ പറഞ്ഞുവിടേണ്ട ടോര്‍പിഡോ. അതാണ് ഓസീസ് കരുതിവച്ച ബെഹറന്‍ഡോര്‍ഫ് എന്ന പേസര്‍. അഞ്ചു വട്ടം ലോകകപ്പ് ഉയര്‍ത്തിയ ഓസീസിന്റെ കുന്തമുന, ഇംഗ്ലണ്ടിനെതിരേ വീഴ്ത്തിയത് അഞ്ചു വിക്കറ്റും.

ഓവലില്‍ ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ 15-നാണ് ബെഹറന്‍ഡോര്‍ഫ് ലോകകപ്പില്‍ അരങ്ങേറിയത്. അന്ന് 59 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റു മാത്രമാണ് വീഴ്ത്തിയത്. പക്ഷേ, ബെഹറന്‍ഡോര്‍ഫിന്റെ ന്യൂ സ്‌പെല്‍ കണ്ട് അന്നു ഫിഞ്ച് പോലും കണ്ണുമിഴിച്ചു പോയി. അത്രയ്ക്ക് സ്വിങ് ചെയ്യുന്നവയായിരുന്നു ആ പന്തുകള്‍. അപ്പോള്‍ പിന്നെ ഈ വജ്രായുധത്തെ മൂര്‍ച്ച കൂട്ടിയെടുക്കുക മാത്രമേ വേണ്ടു. കംഗാരു ക്യാപ്റ്റന്‍ അതു ചെയ്തു. ഇംഗ്ലണ്ടിനെതിരേയുള്ള വാശിയേറിയ പോരാട്ടത്തില്‍ ബെഹറന്‍ഡോര്‍ഫിനെ തന്നെ പുതിയ പന്ത് ഏല്‍പ്പിച്ചു.

ബെഹറന്‍ഡോര്‍ഫിനെതിരേ കളിച്ച് പരിചയമില്ലാത്ത ഓപ്പണര്‍ ജയിംസ് വിന്‍സി ആദ്യ പന്ത് മിഡോണിലേക്ക് തട്ടിയിട്ട് പ്രതിരോധിച്ചു. രണ്ടാം പന്ത് ബെയില്‍സ് തെറുപ്പിച്ച് പാഞ്ഞു പോയപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ ഗ്യാലറയില്‍ തലയില്‍ കൈവച്ച് എണ്ണീറ്റു പോയി. എന്തൊരു ബോള്‍! ഫിഞ്ചിന്റെ കോണ്‍ഫിഡന്‍സിന് ബെഹറന്‍ഡോര്‍ഫിന്റെ ഉശിരന്‍ പിന്തുണ. അതൊരു തുടക്കമായിരുന്നു. വരാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ തുടക്കമാണതെന്ന് ഇംഗ്ലീഷുകാര്‍ പോലും കരുതിയില്ല.

പതിമൂന്നാമത്തെ ഓവര്‍ തീരാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ബെഹറന്‍ഡോര്‍ഫ് വീണ്ടും ഞെട്ടിച്ചത്. ഇത്തവണ സൂപ്പര്‍ താരം ബെയര്‍‌സ്റ്റോ ആയിരുന്നു ഇര. ബെഹറന്‍ഡോര്‍ഫിന്റെ എക്‌സ്ട്രാ ബൗണ്‍സ് കണ്ടു കണ്ണു മഞ്ഞളിച്ച് ഉയര്‍ത്തിയടിച്ച ബെയര്‍‌സ്റ്റോയ്ക്കു പിഴച്ചു. ഡീപ് മിഡ് വിക്കറ്റില്‍ കമ്മിന്‍സിന് ക്യാച്ച്. പിന്നെ 39-ാമത്തെ ഓവര്‍. രണ്ടാം പന്തില്‍ മൊയ്ന്‍ അലി ബൗണ്ടറി അടിച്ചു കൊണ്ടാണ് ബെഹറന്‍ഡോര്‍ഫിനെ വരവേറ്റത്. അടുത്ത പന്തില്‍, അലിയെ വിക്കറ്റ് കീപ്പര്‍ ക്യാരിയുടെ കൈകളിലെത്തിച്ചാണ് പകരം വീട്ടിയത്. വിക്കറ്റ് നമ്പര്‍ 3. 41-ാം ഓവറിലായിരുന്നു അടുത്ത വരവ്. ഇത്തവണ ക്രീസില്‍, ക്രിസ് വോക്‌സ്. ലെഗ് സൈഡിലേക്ക് പോയ പന്തില്‍ ലക്ഷ്യം തെറ്റി ബാറ്റ് വച്ച ക്രിസിനു പിഴച്ചു.

ക്യാപ്റ്റന്‍ ഫിഞ്ചിന്റെ അത്യുഗ്രന്‍ ക്യാച്ച്. വിക്കറ്റ് നമ്പര്‍ 4. ജഫ്ര ആര്‍ച്ചറായിരുന്നു അടുത്ത ഇര. 43-ാം ഓവറിലെ മൂന്നാമത്തെ പന്ത്. ലോങ് ഓറിനു മുകളിലൂടെ സിക്‌സ് പറത്താനുള്ള ആര്‍ച്ചറുടെ മോഹം ഡേവിഡ് വാര്‍ണറുടെ കൈകളിലൊതുങ്ങി. വിക്കറ്റ് നമ്പര്‍ 5. ബെഹറന്‍ഡോര്‍ഫിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഏഴു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റായിരുന്നു ഇതുവരെയുള്ള സമ്പാദ്യം. അങ്ങനെ ഫിഞ്ചിന്റെ തകര്‍പ്പന്‍ തീരുമാനത്തിന് ബെഹറന്‍ഡോര്‍ഫിന്റെ അത്യുഗ്രന്‍ സ്വിങ്. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്. ആരും മോഹിക്കുന്ന വിക്കറ്റ് വേട്ട.

ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു ഈ ബൗളര്‍. പക്ഷേ, കാര്യമായി ശോഭിക്കാനോ, അവസാന മത്സരങ്ങളില്‍ കളിക്കാനോ കഴിഞ്ഞില്ല. അതിനു മുന്നേ, ഓസീസിന്റെ ലോകകപ്പ് ഇലവനിലേക്ക് അപ്രതീക്ഷിത വിളി വന്നു.

ഇനി ന്യൂസിലന്‍ഡിനെതിരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമാണ് ഓസ്‌ട്രേലിയയുടെ രണ്ടു മത്സരങ്ങള്‍. സെമി ബര്‍ത്ത് ഉറപ്പിച്ച നിലയ്ക്ക് ബെഹറന്‍ഡോര്‍ഫിനെ വരുന്ന രണ്ടു മത്സരങ്ങളിലും ഒഴിവാക്കാന്‍ സാധ്യതയില്ല. അല്ലെങ്കിലും അവസരം കിട്ടുമ്പോള്‍ കത്തിപ്പടരുന്ന ഓസീസ് താരങ്ങള്‍ക്കിടയിലാണല്ലോ ബെഹറന്‍ഡോര്‍ഫിന്റെയും സഹവാസം.