നോട്ടിംഗ്ഹാം: ലോകകപ്പില്‍ മഴക്കളി തുടരുകയാണ്. ഏറ്റവും ഒടുവിലായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരമാണ് മഴമൂലം വൈകുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച ലോകകപ്പില്‍ ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍‍ഡ് മത്സരം നടക്കുമോ എന്ന് ഇതുവരെ പറയാറായിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ താരം കൈകൂപ്പി പറയുന്നത് ഇതാണ്, ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ, വരള്‍ച്ചകൊണ്ട് കഷ്ടപ്പെടുകയാണ് അവിടെ. കേദാര്‍ ജാദവ് മഴയോട് കൈകൂപ്പി പറയുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ മഴമൂലം നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. മഴ മൂലം നിര്‍ണായക പോരാട്ടങ്ങള്‍ പലതും ഒലിച്ചുപോയത് ആരാധകരെയും നിരാശയിലാഴ്ത്തി.