ലണ്ടന്‍: ശിഖര്‍ ധവാന്‍ ടീമില്‍ നിന്നും പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണറുടെ റോളില്‍ എത്തിയത്. ഇന്ത്യന്‍ കുപ്പായത്തില്‍ പാക്കിസ്ഥാനെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിന്‍റെ സമയത്ത് വിരാട് കോലി തന്നോട് പറഞ്ഞ വാക്കുകളെക്കുറിച്ച് വ്യക്തമാക്കുകയാണ് രാഹുലിപ്പോള്‍.

"ഒരു കൂട്ടുകെട്ട് ഇന്ത്യക്ക് അത്യാവശ്യമായ സമയത്താണ് കോലി ക്രീസിലെത്തുന്നത്. ആ സമയത്ത് കോലി പറഞ്ഞത് ഇതാണ്. 130-140 വരെ അടിക്കണം. അതിന് ശേഷം മാത്രമേ നമ്മളില്‍ ഒരാള്‍ പുറത്ത് പോകാന്‍ പാടുള്ളു. അത് നിര്‍ണായകമായ വാക്കുകളായിരുന്നു". അതാണ് സംഭവിച്ചതും.  ഇന്ത്യയുടെ വിജയത്തില്‍ രാഹുല്‍- കോലി കൂട്ടുകെട്ടിന്‍റെ ഇന്നിംഗ്സ് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ രാഹുല്‍  48 റണ്‍സാണ് അടിച്ചെടുത്തത്.

ഇതുവരെ നടന്ന ഇന്ത്യയുടെ ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുകയുമായിരുന്നു. പോയന്‍റ് ടേബിളില്‍ ഓസ്ട്രേലിയക്ക് പിന്നാലെ രണ്ടാമതായ ടീം ഇന്ത്യ സെമി പ്രവേശനം ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്.