ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഫേവറ്റൈറ്റുകളായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരു യോര്‍ക്കറായിരുന്നു. ബെന്‍ സ്റ്റോക്സിന്റെ പ്രതിരോധം തകര്‍ത്ത യോര്‍ക്കര്‍. മുന്‍നിര തകര്‍ന്നപ്പോഴും സ്റ്റോക്സ് ക്രീസിലുള്ളിടത്തോളം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു.സ്റ്റോക്സും വോക്സും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഓസീസിന്  ഭീക്ഷണിയായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗളിംഗിനായി വിളിച്ചു.

മത്സരത്തിലെ 37-ാം ഓവറായിരുന്നു അത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത സ്റ്റാര്‍ക്ക് ആ ഓവറിലെ അവസാന പന്തില്‍ 145 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ഒരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറിലൂടെ സ്റ്റോക്സിന്റെ പ്രതിരോധം തകര്‍ത്തു. 89 റണ്‍സെടുത്ത സ്റ്റോക്സ് വീണതോടെ ഇംഗ്ലണ്ടിന്റെ സ്റ്റോക്ക് തീര്‍ന്നു.

115 പന്തില്‍ 89 റണ്‍സെടുത്ത സ്റ്റോക്സ് വീണതോടെ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പും അവസാനിച്ചു. ടൂര്‍ണമെന്റിലെ മൂന്നാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ തുലാസിലാവുകയും ചെയ്തു. എന്തായാലും സ്റ്റാര്‍ക്കിന്റെ യോര്‍ക്കറിനെ ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പന്തെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.