മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ 89 റണ്‍സിന് കീഴടക്കി ഇന്ത്യ വിജയം ആഘോഷിച്ചപ്പോള്‍ താരമായത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ. എന്നാല്‍ ഗ്യാലറിയില്‍ ഇന്നലെ ശരിക്കും സൂപ്പര്‍ ഹിറ്റ് ജോടിയായി തിളങ്ങിയത് കനേഡിയന്‍ ദമ്പതിമാരായിരുന്നു.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജേഴ്സികള്‍ പകുതിവീതം ധരിച്ചെത്തിയവരായിരുന്നു ഇരുവരും. ഭര്‍ത്താവ് പാക്കിസ്ഥാനിയും ഭാര്യം ഇന്ത്യക്കാരിയും ആണെന്നതിനാല്‍ ഇരുരാജ്യങ്ങളുടെയും ജേഴ്സികള്‍ പകുതി വീതമുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും ഗ്യാലറിയിലെത്തിയത്. മത്സരത്തില്‍ ആര് ജയിക്കുന്നു എന്നത് പ്രസക്തമല്ലെന്നും മികച്ച പ്രകടനം ആരാണോ പുറത്തെടുക്കുന്നത് അവര്‍ ജയിക്കട്ടെയെന്നും ഇരുവരും പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോഴും കളിയെ ആ രീതിയില്‍ കാണണമെന്നും ഐക്യത്തിനായി മത്സരം സഹായിക്കുമെന്നുമുള്ള സന്ദേശം നല്‍കുന്നതാണ് ചിത്രം. ഐക്യ സന്ദേശം നല്‍കുന്നതാണ് ചിത്രമെന്നും പറഞ്ഞ് ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അപ്രതീക്ഷിത പ്രശസ്തിയില്‍ അമ്പരിന്നിരിക്കുകയാണ് ഇരുവരും.