മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ വിജയം ആഘോഷിച്ചപ്പോള്‍ ഗ്രൗണ്ടില്‍ പൊതുവെ അക്തമോത്സുകനായ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ശരീരഭാഷയായിരുന്നു ആരാധകര്‍ ഏറ്റവുമധികം ശ്രദ്ധിച്ചത്. വിക്കറ്റ് വീഴുമ്പോള്‍ ആവേശംകൊണ്ട് മുഷ്ടി ചുരുട്ടാറുള്ള കോലിയെ ഇന്നലെ അധികമൊന്നും ഗ്രൗണ്ടില്‍ കണ്ടില്ല.

എന്നാല്‍ അമ്പയര്‍ ഔട്ട് വിധിക്കും മുമ്പെ കയറിപ്പോയി കോലി മാന്യനാവുകയും ചെയ്തു. പിന്നീട് റീപ്ലേകളില്‍ അത് ഔട്ടല്ലെന്ന് വ്യക്തമായെങ്കിലും. പാക് താരങ്ങളോട് ബഹുമാനത്തോടെ തന്നെയായിരുന്നു കോലിയുടെ പെരുമാറ്റം. ബൗളിംഗിനിടെ ഗ്രൗണ്ടില്‍ വീണുപോയ പാക് ബൗളര്‍ വഹാബ് റിയാസിനോട് കുഴപ്പമൊന്നും ഇല്ലല്ലോ എന്നും കോലി അടുത്തെത്തി അന്വേഷിച്ചു.

എന്നാല്‍ സംഗതി ഇതൊക്കെയാണെങ്കിലും ഇന്നലെ കോലിയുടെ പ്രത്യേക നില്‍പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1990കളില്‍ കുട്ടിയായിരിക്കെ ഇടുപ്പില്‍ കൈകുത്തി മുകളിലേക്ക് നോക്കി നില്‍ക്കുന്ന കോലിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. പാക്കിസ്ഥാനെതിരെ മഴ ഇടക്കിടെ തടസപ്പെടുത്തിയ മത്സരത്തിലും കോലി സമാനമായ രീതിയില്‍ ഇടുപ്പില്‍ കൈകുത്തി ആകാശത്തേക്ക് നോക്കി നിന്നിരുന്നു. ഈ രണ്ട് ചിത്രങ്ങളും ചേര്‍ത്തുവെച്ച് കോലിയിട്ട ട്വീറ്റാണ് ആരാധകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റാക്കിയത്.