Asianet News MalayalamAsianet News Malayalam

അങ്ങനെയെങ്കില്‍ സര്‍ഫ്രാസ് അഹമ്മദ് പാക് പ്രധാനമന്ത്രിയാവുമോ; ചോദ്യവുമായി ശശി തരൂര്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി. 1992ലേതുപോലെ സമാനതകള്‍ ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ചോദിക്കുന്നതും ഇതുതന്നെയാണ്.

ICC World Cup 2019 Will Sarfaraz Ahmed become PM in 2045
Author
Thiruvananthapuram, First Published Jun 29, 2019, 6:10 PM IST

ദില്ലി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം 1992ല്‍ അവര്‍ കിരീടം നേടിയതിന് സമാനമാണ്. ജയങ്ങളും തോല്‍വികളും മഴമൂലം മത്സരം ഉപേക്ഷിക്കലും എല്ലാം 1992ലേതിന് സമാനം. എന്നാല്‍ 1992ല്‍ പാക്കിസ്ഥാന്‍ കപ്പുമായി മടങ്ങിയെങ്കില്‍ ഇത്തവണ സെമിയിലെത്തണമെങ്കില്‍ തന്നെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ട അവസ്ഥയാണ്.

അതെന്തായാലും അന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി. 1992ലേതുപോലെ സമാനതകള്‍ ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ചോദിക്കുന്നതും ഇതുതന്നെയാണ്. 1992 ആവര്‍ത്തിച്ച് സര്‍ഫ്രാസിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ഇത്തവണ കിരീടം നേടുമോ ? ഇനി നേടിയാല്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം 2045ല്‍ സര്‍ഫ്രാസ് പാക് പ്രധാനമന്ത്രിയാകുമോ ?.ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ പാക്കിസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു തരൂരിന്റെ ട്വീറ്റ്.

പാക്കിസ്ഥാന്റെ ആദ്യത്തെ ആറു മത്സരങ്ങളിലും 1992ലെ സമാനതകള്‍ ആവര്‍ത്തിച്ചതാണ് ആരാധകര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നുവരാന്‍ കാരണം. ആദ്യ കളിയില്‍ തോല്‍വി, പിന്നെ ജയം, വാഷൗട്ട്, തോല്‍വി, തോല്‍വി, ജയം എന്നിങ്ങനെയായിരുന്നു 1992ല്‍ സംഭവിച്ചത്. ഇത്തവണയും ഫലങ്ങള്‍ അങ്ങനെ തന്നെയാണ്. 1992-ല്‍ അവരുടെ ആദ്യത്തെ മത്സരം വെസ്റ്റിന്‍ഡീസിനോടു നഷ്ടപ്പെട്ടിരുന്നു. ഇത്തവണയും തോറ്റത് വിന്‍ഡീസിനോട്. 1992-ല്‍ പാക്കിസ്ഥാന്‍ കിരീടം നേടിയപ്പോള്‍ അതിന് തൊട്ടു മുമ്പുള്ള രണ്ട് ലോകകപ്പുകളില്‍ കിരീടം നേടിയത് ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു.ഇത്തവണയും അങ്ങനെ തന്നെ 2011-ല്‍ ഇന്ത്യയും 2015-ല്‍ ഓസ്‌ട്രേലിയയും.

ലോകകപ്പിന്റെ മത്സര ഫോര്‍മാറ്റില്‍ പോലും കാണാം ഈ സാദൃശ്യം. അന്ന് ഒന്‍പത് ടീമുകളായിരുന്നു മാറ്റുരച്ചത്. അവരെല്ലാം പരസ്പരം കളിക്കുകയും അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജയം നേടിയ നാലു ടീമുകള്‍ സെമിയിലെത്തുകയുമായിരുന്നു ചെയ്തത്. ഇന്ന് ടീം പത്തായി എന്ന വ്യത്യാസം മാത്രം. ടൂര്‍ണമെന്റ് ഫോര്‍മാറ്റ് 1992-ലേതിനു സമാനം.

ലോകകപ്പില്‍ ഇന്ന് നടക്കുന്ന അഫ്ഗാനെതിരായ മത്സരം അടക്കം ഇനി പാക്കിസ്ഥാന് അവശേഷിക്കുന്നത് രണ്ടു മത്സരങ്ങളാണ്. ബംഗ്ലാദേശാണ് അടുത്ത മത്സരത്തിലെ എതിരാളികള്‍. ഈ രണ്ടു മത്സരങ്ങള്‍ ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ പാക്കിസ്ഥാന് 1992 ആവര്‍ത്തിക്കാനാവൂ എന്നതാണ് കണക്കിലെ കളി.

Follow Us:
Download App:
  • android
  • ios