സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവർ എറിയും മുൻപ് ഇന്ത്യൻ നായകൻ ഓർത്ത് കാണുമോ 2016 ലെ ട്വന്‍റി 20 ലോകകപ്പ് നോക്കൗട്ട് മത്സരം? ബംഗ്ലാദേശിനെതിരെ അവസാന പന്തിലായിരുന്നു അന്ന് ഇന്ത്യയുടെ ആ ത്രസിപ്പിക്കുന്ന ജയം. ശ്വാസം അടക്കിപ്പിടിച്ച് സതാംപ്ടണിലെ ഗ്യാലറിയിൽ ഇന്ത്യൻ ആരാധകർ അവസാന ഓവറിനായി കാത്തിരുന്നു.

ഷമി പന്തെറിയാൻ വരും മുൻപ് പലരുടെയും മനസിലൂടെ ഓര്‍മകള്‍ ഒന്ന് ഫ്ലാഷ്ബാക്കിലേക്ക് പോയി കാണണം, ഒരു മൂന്ന് വര്‍ഷം പിന്നിലേക്ക്. ബംഗളൂരുവില്‍ ട്വന്‍റി 20 ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. അവസാന ഓവറില്‍ 11 റൺസ് വിട്ട് കൊടുത്താൽ ബംഗ്ലാകടുവകൾക്ക് മുന്നിൽ തലകുനിയും.

അവസാന ഓവർ ധോണി ഹാർദിക് പാണ്ഡ്യക്ക് നൽകി. ആദ്യ പന്തിൽ മഹ്മ്മദുള്ള സിംഗിൾ എടുത്ത് സ്ട്രൈക്ക് മുഷ്ഫിഖറിന് കൈമാറി. അടുത്ത രണ്ട് പന്തിലും ബൗണ്ടറി. മൂന്ന് പന്തിൽ രണ്ട് റണ്‍ മാത്രം മതി ജയത്തിലേക്ക്. പക്ഷേ അമിത ആവേശം ബംഗ്ലാദേശനെ ചതിച്ചു. ഇന്ത്യ ഉയർത്തിയ 146 റൺസിന്‍റെ തൊട്ടുപുറകെ വരെ കുതിച്ചെത്തി ബംഗ്ലാദേശുകാർ.

സമീപകാലത്തെ ഇന്ത്യയുടെ റൺ പ്രതിരോധ കഥകളിലെ തിളക്കമുള്ള ഒരേടായാണ് ആ മത്സരം മാറിയത്. ഈ ഓർമകൾ കളിക്കാരുടെ മനസിലേക്ക് ഓടിയെത്തിയാലും ഇല്ലെങ്കിലും സമാന ചരിത്രം ആവർത്തിക്കുകയായിരുന്നു അഫ്ഗാനെതിരെ മുഹമ്മദ് ഷമി.