മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ചരിത്ര നേട്ടത്തിലെത്തി രോഹിത് ശര്‍മ്മ. മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചതോടെ ഏകദിനത്തില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്തി രോഹിത്. മാഞ്ചസ്റ്ററില്‍ 34 പന്തിലാണ് രോഹിത് അമ്പത് തികച്ചത്. 

95, 56, 122, 57, 66* എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ രോഹിതിന്‍റെ സ്‌കോര്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1994), വിരാട് കോലി(2012, 2013), അജിങ്ക്യ രഹാനെ(2017-18) എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും ഇന്ത്യക്ക് നല്‍കിയത്. 21 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 112 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ.