ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസിന്‍റെ ലോകകകപ്പ് ഇലവന്‍ ഇന്ത്യന്‍ താരങ്ങളാല്‍ സമൃദം. കാലിസിന് ഇഷ്ടം ഇടത്-വലത് ഓപ്പണിംഗ് സഖ്യത്തെയാണ്. ബൗളർക്കുമേൽ എന്നും ആധിപത്യം സ്ഥാപിച്ചിട്ടുള്ള രണ്ട് പേരെ തന്നെ തെരഞ്ഞെടുത്തു മുൻ പ്രോട്ടീസ് ഓൾ‌റൗണ്ടർ. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് കാലിസിന്‍റെ ഓപ്പണര്‍മാര്‍.

മൂന്നാമത് ആരു വരണം. പോണ്ടിംഗ് അല്ലാതെ മറ്റൊരു പേരില്ലെന്ന് ജാക്ക് കാലിസ്. നാലാമനായി കോലിയല്ലാതെ മറു ചിന്തയില്ലത്രെ. അഞ്ചാമൻ വെടിക്കെട്ടു വീരൻ വേണം. നറുക്ക് സ്വന്തം നാട്ടുകാരന് നൽകി. തലങ്ങു വിലങ്ങും പന്തുകളെ പായിക്കുന്ന എബി ഡിവില്ലേഴ്സ് അത്ര മോശം പേരല്ല. ആറാമൻ ഒരു ഓൾറൗണ്ടർ ആണ്. സമകാലികൻ ഫ്ലിന്‍റോഫിനെയാണ് കാലിസിന് കൂടുതൽ ഇഷ്ടം.

ഏഴാമൻ ബെസ്റ്റ് ഫിനിഷർ വേണമെത്ര. ആർക്കും എതിരഭിപ്രായമില്ലാത്ത എം എസ് ധോണിയുടെ പേര് പറഞ്ഞു. എട്ടാമൻ ഷോൺ പൊള്ളാക്ക്, അടുത്തത് സ്പിന്നറായി ഓസീസ് ഇതിഹാസം ഷെയ്ൻ വോൺ. പത്താമൻ തീ തുപ്പും പന്തുകൾ എറിയുന്ന വസീം അക്രം. പുതിയ പന്തുകൾ ഏൽപ്പിക്കാൻ ഏറ്റവും വിശ്വസ്തൻ വഖാർ യൂനുസ്. പതിനൊന്നു പേരെ തെരഞ്ഞെടുത്ത കാലിസ് പക്ഷേ ക്യാപ്റ്റൻ ആരെന്നു പറഞ്ഞില്ല. ധോണിയും പോണ്ടിംഗും, കോലിയും ഉള്ള ടീമിൽ ക്യാപ്റ്റനെ നറുക്കെടുത്ത് തെരഞ്ഞെടുക്കുന്നതാവും നല്ലത്.