ലണ്ടന്‍: ലോകകപ്പ് ആവേശം വാനോളമുയര്‍ത്തി നാളെ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഫൈനലില്‍ ഏറ്റുമുട്ടുകയാണ്. ലോകകിരീടം ലക്ഷ്യമിട്ടെത്തുന്ന ഇരുടീമുകളും വലിയ പ്രതീക്ഷയിലാണ്. ലോർഡ്സിൽ നാളെ ആര് ആദ്യം ബാറ്റ് ചെയ്താലും ശ്രദ്ധാ കേന്ദ്രങ്ങൾ രണ്ടു താരങ്ങൾ ആയിരിക്കും. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടും ന്യൂസിലൻഡിന്‍റെ കെയ്ൻ വില്യംസണും.

സമ്മര്‍ദ്ദത്തിന്‍റെ കൂടാരത്തില്‍ കയറുമ്പോഴും വിപരീത സാഹചര്യങ്ങളെ അനുകൂലമാക്കി ശീലിച്ചവരാണ് ഇരുവരും. എതിരാളിയെ തകര്‍ക്കുന്ന മനോവീര്യവുമുണ്ട്. നങ്കൂരമിട്ട് കളിച്ചാൽ ഒരു ലോകകപ്പിൽ കൂടുതൽ റൺസ് എന്ന സച്ചിന്‍റെ വമ്പന്‍ റെക്കോര്‍ഡ് മറികടക്കാൻ സാധ്യതയുള്ള രണ്ടുപേരാണ് ഇരുവരും.

673 റണ്‍സാണ് ഒരു ലോകകപ്പില്‍ നിന്നുമാത്രം സച്ചിന്‍ നേടിയത്. ആ റെക്കോർഡ് മറികടക്കുക എളുപ്പമല്ല. എന്നാൽ സംഭവിച്ചു കൂടായ്കയുമില്ല. ഈ ലോകകപ്പിൽ  ജോ റൂട്ടും കെയ്ൻ വില്യംസണും രണ്ട് സെഞ്ചുറി തികച്ചിട്ടുണ്ട്. 10 കളികളിൽ നിന്നായി റൂട്ട് അടിച്ചെടുത്തത് 549 റൺസും വില്യംസണിന്‍റെ സമ്പാദ്യം 548 റണ്‍സുമാണ്. 125 റൺസടിച്ചാൽ റൂട്ടിനും 126 റൺസെടുത്താൽ വില്യംസണും സച്ചിനെ മറികടക്കാം. കലാശപ്പോരിൽ ആരാകും ആ മധുര നേട്ടത്തിലെത്തുക. ഇംഗ്ലണ്ടിന്‍റെ വിജയ റൂട്ടോ അതോ കിവികളുടെ നായകനോ? രണ്ടുപേരും 673 എന്ന മാന്ത്രിക സംഖ്യ മറികടന്നാല്‍ അത്ഭുതപ്പെടാനില്ല.