ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും ജോസഫ് എഡ്വേര്‍ഡ് റൂട്ട് എന്ന ജോ റൂട്ട് ഹാപ്പിയാണ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും ഫിഫ്റ്റി അടിച്ച ഈ ലോകകപ്പിലെ ഏക ബാറ്റ്‌സ്മാനാണ് റൂട്ട്. ഇംഗ്ലണ്ട് ജേഴ്‌സിയില്‍ റൂട്ടിന്റെ 250-ാം മത്സരം കൂടിയായിരുന്നു ഇന്നലത്തേത്. (80 ടെസ്റ്റുകളും 138 ഏകദിനങ്ങളും 32 ട്വന്റി 20-യും).

ലോകകപ്പില്‍ മൂന്നു ഫിഫ്റ്റിയും രണ്ടു സെഞ്ചുറിയും നേടിയ റൂട്ട് മികച്ച ഫോമിലായിരുന്നുവെങ്കിലും ഇന്നലെ ടീമിനെ വിജയിപ്പിക്കാനായില്ല. വന്‍ സ്‌കോറുകള്‍ ചെയ്‌സ് ചെയ്യുമ്പോഴും റൂട്ടിന്‍റെ സംഭവാനകള്‍ വലുതായിരുന്നു. എന്നാല്‍, ലങ്കയ്‌ക്കെതിരെ ചെറിയ ടോട്ടല്‍ എത്തിപ്പിടിക്കാന്‍ കഴിയാതായതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ സെമി മോഹത്തിനും മങ്ങലേറ്റിട്ടുണ്ട്. 

എന്നാല്‍ റൂട്ട് ഇതൊന്നും മൈന്‍ഡ് ചെയ്യുന്നതേയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 51, പാക്കിസ്ഥാനെതിരെ 107, വെസ്റ്റ്ഇന്‍ഡീസിനെതിരെ പുറത്താകാതെ 100, അഫ്ഗാനിസ്ഥാനെതിരേ 88, ഇന്നലെ ശ്രീലങ്കയ്‌ക്കെതിരേ 57 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോറുകള്‍. ഇതില്‍ ബംഗ്ലാദേശിനെതിരേ 21 റണ്‍സ് മാത്രം എടുത്തതാണ് കുറഞ്ഞ സ്‌കോര്‍.

ലോകകപ്പില്‍ ആകെ 27 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ 424 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് റൂട്ട് ഇപ്പോള്‍. മുന്നിലുള്ളത് ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനും (425), ഓസ്‌ട്രേലിയയടെ ഡേവിഡ് വാര്‍ണറും (447) മാത്രം. 138 ഏകദിനങ്ങള്‍ കളിച്ച റൂട്ട് ഇതുവരെ 5,724 റണ്‍സ് നേടിയിട്ടുണ്ട്. 16 സെഞ്ചുറിയും 33 ഫിഫ്റ്റിയും. 22 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട് താരം. വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ വീഴ്ത്തിയ രണ്ടു വിക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും. 

ഇതു മാത്രമല്ല റൂട്ടിന്റെ ശക്തി. ഇംഗ്ലീഷ് നിരയില്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ് ജോ. ലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ ജെഫ്ര ആര്‍ച്ചറുടെ പന്തില്‍ ധനഞ്ജയ ഡിസില്‍വ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയില്‍ പറന്നു പിടിച്ചത് ഏറെ കൈയടി നേടിയിരുന്നു. ഇനി 25-ന് ഓസ്‌ട്രേലിയക്കെതിരേയാണ് റൂട്ടിന്റെയും ഇംഗ്ലണ്ടിന്റെയും അടുത്ത മത്സരം.