കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഹോട്ടല്‍ നടത്തുന്നതും മലയാളികള്‍ തന്നെ. കുത്തരി ചോറ് മുതല്‍ പൊറോട്ട വരെ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം രണ്ട് അപ്രതീക്ഷിത അതിഥികള്‍ ഇങ്ങോട്ടെത്തി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും

ലീഡ്‍സ്: ഇംഗ്ലണ്ടില്‍ കേരളത്തിന്‍റെ രുചിക്കൂട്ട് തേടി വിരാട് കോലിയും അനുഷ്ക ശര്‍മ്മയും. താലി മീല്‍സും മസാലദോശയും അപ്പവും മുട്ടക്കറിയും കഴിച്ചാണ് ഇരുവരും ലീഡ്സില്‍നിന്ന് മാഞ്ചസ്റ്ററിലേക്ക് തിരിച്ചത്. ലീഡ്സിലെ പ്രശസ്തമായ തറവാട് ഹോട്ടലില്‍ നിന്നാണ് ഇരുവരും മലയാളി രുചി നുകര്‍ന്നത്.

കെട്ടിലും മട്ടിലും കേരളീയ തനിമയുള്ള ഹോട്ടല്‍ നടത്തുന്നതും മലയാളികള്‍ തന്നെ. കുത്തരി ചോറ് മുതല്‍ പൊറോട്ട വരെ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം രണ്ട് അപ്രതീക്ഷിത അതിഥികള്‍ ഇങ്ങോട്ടെത്തി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും.

ഹോട്ടലിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നാലെ അപ്പവും മുട്ടക്കറിയും. ശേഷം താലി മീല്‍സ്. അനുഷ്ക ശര്‍മ്മയ്ക്ക് കോലി നല്‍കിയ സമ്മാനമായിരുന്നു കേരളീയ വിഭവങ്ങള്‍. ഈ ഹോട്ടലുമായി 2014 മുതല്‍ അടുപ്പമുണ്ട് വിരാട് കോലിക്ക്.

അന്ന് ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിന് ദക്ഷിണേന്ത്യൻ പ്രഭാത ഭക്ഷണം വേണമെന്ന് ആഗ്രഹം. ടീം താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാര്‍ തറവാട് ഹോട്ടലിലെത്തി ഇഡ്ഡലിയും സാമ്പാറും വാങ്ങി മടങ്ങി. ഒന്നാംതരം രുചിയറിഞ്ഞ കോലി പിറ്റേന്ന് തന്നെ തറവാട്ടിലെത്തി. 2017ല്‍ ചാമ്പ്യൻസ് ട്രോഫിക്കെത്തിയപ്പോഴും കോലി ഈ ഹോട്ടലിലെത്തിയിരുന്നു.

അന്നേ ഉറപ്പിച്ചതാണ് അനുഷ്കയെയും കേരളീയ വിഭവങ്ങളുടെ രുചി അറിയിക്കണമെന്ന്. പാലാക്കാരായ സിബി ജോസ്, രാജേഷ് നായര്‍, കോട്ടയം സ്വദേശി അജിത്ത് നായര്‍, തൃശ്ശൂരുകാരൻ മനോഹരൻ ഗോപാല്‍, ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോൻസ എന്നിവരാണ് ഹോട്ടലിന്‍റെ ഉടമസ്ഥര്‍. പാചകക്കാരെല്ലാം മലയാളികള്‍ തന്നെ.