ലണ്ടന്‍: ക്രിക്കറ്റിന്‍റെ ചരിത്രത്തിനും വർത്തമാനത്തിനും ഒപ്പം തല ഉയർത്തി നില്‍ക്കുന്ന മൈതാനമാണ് ലോഡ്സ്. കലാശപ്പോരാട്ടങ്ങളിൽ ചിരിയും കണ്ണീരും പലകുറികണ്ട ക്രിക്കറ്റിന്‍റെ വിശുദ്ധ മൈതാനം. 1983 ൽ ഇന്ത്യൻ നായകൻ കപിൽദേവ് രാംലാൽ നികുഞ്ജ് ലോകകിരീടം ഏറ്റുവാങ്ങിയ കളിത്തട്ടാണ് ലോര്‍ഡ്സ്. 

മൂന്നു ലോകകപ്പ് ഫൈനലുകൾക്ക് ഇതുവരെ വേദിയായിട്ടുണ്ട് ഈ മൈതാനം. സെന്‍റ് ജോൺസ് വുഡിലെ പാത അവസാനിക്കുന്നത് ക്രിക്കറ്റിന്റെ തറവാട്ടിലേക്കാണ്. കളിഭ്രാന്ത് തലയ്ക്കു പിടിച്ച തോമസ് ലോ‍ർഡ് എന്ന ഇംഗ്ലീഷുകാരനാണ് മൈതാനത്തിന്റെ പിതാവ്. വിക്ടോറിയൻ നിമ്മിതിയുടെ സൗന്ദര്യം കാണാം ലോർഡ്‌സിൽ.

അകത്ത് കയറിയാൽ പച്ചപ്പുല്ലിന് ചുറ്റുമുള്ള കൊട്ടാരമാണെന്ന് തോന്നിപ്പോകും. സ്റ്റേഡിയത്തിന് അലങ്കാരമായി പ്രത്യേക ബാൽക്കണികൾ. എംസിസിയിലെ അംഗങ്ങൾക്ക് കളികാണാനായി കെട്ടിട സമുച്ചയം. ഇവിടെ ഇരുന്നാൽ മൈതാനത്തിന്റെ സൗന്ദര്യം കൺനിറയെ കാണാം. 

ലോഡ്സിലെ പോരാളികളുടെ പേരുകളാണ് ലോങ്ങ്‌ റൂമിന്റെ ചുമരുകളെ അലങ്കരിക്കുന്നത്. ലോകത്തെ ഏറ്റവും പഴയ സ്പോർട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതും ലോഡ്സിലാണ്. ക്രിക്കറ്റിന്റെ വളർച്ചയുടെ പടവുകൾ മ്യൂസിയത്തിൽ നടന്നുകാണാം. മത്സരത്തിന്‍റെ ചരിത്രം ഇങ്ങനെ...

ആദ്യമായി ഇവിടെ പന്തുരുളുന്നത് 1814ൽ, ഹെട്ഫോഡ് ഷെയറും മർലിബോൺ ക്രിക്കറ്റ് ക്ലബും തമ്മിലായിരുന്നു.  ഓസ്ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന്‍റെ ആവേശ ചരിത്രം, ഈ മണ്ണിൽ നിന്ന് തുടങ്ങുന്നു. എന്നാൽ ആദ്യ ഏകദിന മത്സരത്തിനായി 1972 വരെ കാത്തിരിക്കേണ്ടി വന്നു.

ഏകദിന ക്രിക്കറ്റിൽ 30 സെഞ്ചുറികളാണ് ലോർഡ്‌സിൽ ഇതുവരെ പിറന്നത്. ആദ്യ ഏകദിന സെഞ്ചുറി എന്ന ചരിത്ര നേട്ടം കുറിച്ചത് 1975ൽ ഡെന്നിസ് അമിസ് എന്ന ഇംഗ്ലീഷ് താരം. ക്രിക്കറ്റിലെ മഹാരഥൻമാരോട് ഒരിക്കലും ഈ മൈതാനം അനുഭാവം കാണിച്ചില്ല. ക്രിക്കറ്റെന്ന ആവേശത്തിന്റെ വലിയൊരു ലോകമാണ് ഈ മണ്ണ്. ഇംഗ്ലണ്ടോ ന്യൂസിലൻഡോ, പുതിയ രാജാക്കന്മാരുടെ പട്ടാഭിഷേകത്തിന് കാത്തിരിക്കുകയാണ് ലോർഡ്‌സും.