ഇന്ത്യക്കായി രണ്ടു ടെസ്റ്റു മത്സരങ്ങളിലാണ് ഈ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. രണ്ടിലും അര്‍ധസെഞ്ചുറിയും നേടി. 

ലണ്ടന്‍: ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറിന് പകരമായി എത്തുന്ന മായങ്ക് അഗര്‍വാള്‍ ചില്ലറക്കാരനല്ല. ഇന്ത്യക്കായി രണ്ടു ടെസ്റ്റു മത്സരങ്ങളിലാണ് ഈ വലം കൈയ്യന്‍ ബാറ്റ്സ്മാന്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. രണ്ടിലും അര്‍ധസെഞ്ചുറിയും നേടി. ഓസ്ട്രേലിയക്കെതിരെയായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ മായങ്കിന്‍റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ നിന്നും തന്നെ മായങ്ക് അര്‍ധസെഞ്ചുറിയും നേടി. രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നും 195 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 

പൃഥ്വി ഷായ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ ആദ്യം അവസരം ലഭിക്കുന്നത്. ഓസീസിനെതിരെ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലും താരം അര്‍ധസെഞ്ചുറിയുമായി തിളങ്ങി. എന്നാല്‍ അന്ന് താരത്തിനെതിരെ ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫി വംശീയ പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ചുറി നേടിയതിനെക്കുറിച്ചായിരുന്നു ഒക്കീഫിയുടെ പരാമര്‍ശം. മായങ്ക് രഞ്ജിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ചുറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണെന്നായിരുന്നു പരാമര്‍ശം. പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന് ഒക്കീഫി ഒടുവില്‍ മാപ്പു പറയുകയും ചെയ്തു. 

ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍ കര്‍ണാടകയുടെ മയാങ്ക് അഗര്‍വാളാണ്. എന്നിരുന്നാലും സെലക്ടര്‍മാര്‍ താരത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇന്ത്യ പാടെ നിരാശപ്പെടുത്തിക്കളഞ്ഞ 2010ലെ അണ്ടര്‍-19 വേള്‍ഡ് കപ്പില്‍ ആകെയുണ്ടായിരുന്ന ഒരാശ്വാസം മായങ്കായിരുന്നു.

അന്ന് ഇന്ത്യന്‍ ടീമിന്റെ ടോപ്പ് സ്‌കോററായിരുന്നു അഗര്‍വാള്‍. ആ ടൂര്‍ണമെന്റിന് ശേഷം, ഇന്ത്യന്‍ എ ടീമിലേക്ക് പ്രൊമോഷന്‍ കിട്ടിയെങ്കിലും ഫോമില്‍ സ്ഥിരതയില്ലായ്മ പ്രശ്‌നമായി. 2013-14 ല്‍ മായങ്ക് കര്‍ണ്ണാടകയ്ക്കുവേണ്ടി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 2014-15 സീസണിലും കര്‍ണ്ണാടക ടീമില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലും മോശം ഫോം കാരണം അദ്ദേഹത്തെ മിക്കപ്പോഴും റിസര്‍വില്‍ തന്നെ ഇരുത്തി. പിന്നീട് ഫോം വീണ്ടെടുത്ത താരം അടുത്ത സീസണില്‍ തന്റെ കന്നി ഫസ്റ്റ് ക്ളാസ് സെഞ്ച‍ുറിയും നേടി. 

കഴിഞ്ഞ രഞ്ജി സീസണില്‍ ഒരു ട്രിപ്പിള്‍ സെഞ്ചു റിയും മൂന്ന് സെഞ്ചുറികളും നാല് ഫിഫ്റ്റികളുമടക്കം 76.46 എന്ന ശരാശരിയില്‍ 1003 റണ്‍സാണ് മായങ്ക് അടിച്ചുകൂട്ടിയത്. ഐപിഎല്ലില്‍ 2011 മുതല്‍ തുടര്‍ച്ചയായ മൂന്നു സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയും ജഴ്‌സിയണിഞ്ഞ താരം ഇപ്പോള്‍ കിങ്സ് ഇലവന്‍ പഞ്ചാബിലാണ്.