Asianet News MalayalamAsianet News Malayalam

'ഷമി ഹീറോയാടാ ഹീറോ'; 32 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടത്തില്‍ ഇന്ത്യക്കാരന്‍

നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി

Mohammed Shami second indian to get hatrick in world cup
Author
Southampton, First Published Jun 22, 2019, 11:34 PM IST

സതാംപ്ടണ്‍: ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യയെ കുറഞ്ഞ സ്കോറില്‍ പിടിച്ചുകെട്ടി അട്ടിമറി സ്വപ്നം കണ്ട അഫ്ഗാന്‍ ഒടുവില്‍ കീഴടങ്ങി. അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവരുടെ കൃത്യതയ്ക്ക് മുന്നിലാണ് അഫ്ഗാന്‍ വീര്യം എരിഞ്ഞടങ്ങിയത്.

മുഹമ്മദ് നബിയുടെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ പോരാട്ടവീര്യം പ്രകടിപ്പിച്ച അഫ്ഗാന്‍ 11 റണ്‍സിന്‍റെ പരാജയമാണ് ഏറ്റുവാങ്ങിയത്. നബിയുടേതുള്‍പ്പെടെ അവസാന ഓവറിലെ മൂന്ന്, നാല് , അഞ്ച് പന്തുകളില്‍ വിക്കറ്റുകള്‍ നേടി ഹാട്രിക് നേടിയ ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഹാട്രിക് ഉള്‍പ്പടെ നാല് വിക്കറ്റുകള്‍ ഷമി സ്വന്തമാക്കിയപ്പോള്‍ ബുമ്ര, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.  ജസ്പ്രീത് ബുമ്രയും ഷമിയും മികവ് പ്രകടിപ്പിച്ചതോടെ അവസാന ഓവറില്‍ അഫ്ഗാന് വിജയിക്കാന്‍ 16 റണ്‍സ് എന്ന നിലയിലായി. ഷമി എറിഞ്ഞ ഓവറിന്‍റെ ആദ്യ പന്ത് തന്നെ ഫോര്‍ നേടി നബി അര്‍ധ ശതകം കുറിച്ചു.

എന്നാല്‍, മൂന്നാം പന്തില്‍ നബി വീണതോടെ അഫ്ഗാന്‍റെ കഥയും കഴിഞ്ഞു. തൊട്ടടുത്ത പന്തുകളില്‍ അഫ്ദാബ് ആലമിനെയും മുജീബിനെയും ക്ലീന്‍ ബൗള്‍ഡ് ചെയ്ത് 2019 ലോകകപ്പ് അരങ്ങേറ്റം ഷമി അവിസ്മരണീയമാക്കി. ഇതിനൊപ്പം ഒരു ചരിത്ര നേട്ടവും ഷമി പേരിലെഴുതി.

ലോകകപ്പില്‍ ചേതന്‍ ശര്‍മയ്ക്ക് ശേഷം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായാണ് ഷമി മാറിയത്. 1987 ലോകകപ്പിലാണ് ചേതന്‍ ശര്‍മ ഹാട്രിക് നേടിയത്. അന്ന് ന്യൂസിലന്‍ഡായിരുന്നു എതിരാളികള്‍. 2019 ലോകകപ്പിലെ ആദ്യ ഹാട്രിക്കും കൂടെയാണ് ഷമി സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios