ദില്ലി: ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ബിജെപിയില്‍ ചേര്‍ന്നേയ്ക്കുമെന്ന് ബിജെപി നേതാവ് സഞ്ജയ് പാസ്വാന്‍. ധോണി തന്‍റെ പുതിയ ഇന്നിംഗ്സ് നരേന്ദ്ര മോദിക്കൊപ്പം ചേര്‍ന്ന് ആരംഭിക്കുമെന്നും എന്നാല്‍ വിരമിക്കലിന് ശേഷം മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കുകയുളളു എന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സഞ്ജയ് പാസ്വാന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

'ഏറെ നാളുകളായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിരമിക്കലിന് ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. ധോണി എന്‍റെ സുഹൃത്താണ്. ലോകോത്തര താരമാണ്. അദ്ദേഹത്തെ ബിജെപിയിലേക്ക് എത്തിക്കുന്നത് വളരെ വലിയ കാര്യമാണ്. ഏറെ നാളുകളായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്'. എന്നാല്‍ ധോണിയുടെ വിരമിക്കലിന് ശേഷം മാത്രമേ തീരുമാനം പ്രഖ്യാപിക്കുകയുള്ളു എന്നും സഞ്ജയ് പാസ്വാന്‍ വ്യക്തമാക്കി. 

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ശിച്ച പ്രമുഖരില്‍ എംഎസ് ധോണിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേയും ധോണി പ്രതികരിച്ചിട്ടില്ല.