ലണ്ടന്‍: ലോകകപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ന്യൂസിലൻഡ് താരം റോസ് ടെയ്‌ലര്‍. സെമിയിൽ ഇന്ത്യയെ തകർത്തുള്ള മുന്നേറ്റം ആതിഥേയർക്കുള്ള സൂചനയാണെന്നും ടെയ്‍ലർ പറഞ്ഞു. ഏറ്റവും വലിയ സ്വപ്നത്തിലേക്കാണ് ന്യൂസിലൻഡ് നാളെ പാഡുകെട്ടുന്നത്. കഴിഞ്ഞ തവണ കലാശപ്പോരിൽ കാലിടറി. പക്ഷേ ഇത്തവണ അതുണ്ടാവില്ലെന്ന് സീനിയർ താരം റോസ് ടെയ്‌ലര്‍ പറഞ്ഞു.

പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേര് കിവീസിനുണ്ട്. ലോർഡ്സിൽ അങ്ങനെയൊരു വിമർശനത്തിന് അവസരമുണ്ടാക്കില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റത് കാര്യമാക്കുന്നില്ല. സെമിയിൽ ഇന്ത്യക്കെതിരായ വിജയം ടീമിന് പുത്തനുണർവും ആവേശവും നൽകി. ഈ പ്രകടനം ഫൈനലിലും ആവർത്തിക്കും.

ഈ ഞായറാഴ്ച കറുത്ത കുപ്പായക്കാർക്കുള്ളതാണ്. കാരണം ഈ സംഘത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ട്. ഇനിയുള്ള ഓരോ ചുവടും കരുതലോടെയാണ് ഞങ്ങൾക്ക് പിഴയ്ക്കില്ല. കാരണം ഞങ്ങൾക്കൊപ്പം ഒരു ജനതയുടെ വലിയ കാത്തിരിപ്പുണ്ട്. അവരെ നിരാശപ്പെടുത്താൻ ടീമിനാവില്ലെന്നും ടെയ്‌ലര്‍ പറയുന്നു. കഴിഞ്ഞ ലോകകപ്പിൽ ആദ്യ ഫൈനൽ കളിച്ച കിവീസിനെ ഓസ്ട്രേലിയയാണ് തോൽപിച്ചത്. ടെയ്‌ലറുടെ വാക്പോരിന് ഇംഗ്ലീഷ് നിരയിൽ ആരും ഇതുവരെ മറുപടി നൽകിയിട്ടില്ല.