ലണ്ടന്‍: ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജയത്തിന് ഇന്ന് 36 വര്‍ഷം തികയുന്നു. 1983 ജൂൺ 25നാണ് കപിൽ ദേവും സംഘവും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ വിശ്വവിജയമായിരുന്നു അത്. ആദ്യ രണ്ട് ലോകകപ്പുകളില്‍ ഒരു കളി മാത്രം ജയിച്ച ഇന്ത്യ 1983ൽ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തുകയായിരുന്നു. 

'കപിലും സംഘവും ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി, അതായിരുന്നു 1983 ലോകകപ്പ്. എതിരാളികള്‍ക്ക് അപ്രാപ്യമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ആണയിട്ടുപറഞ്ഞ വിന്‍ഡീസിനെ കപിലും സംഘവും ലോഡ്സില്‍ കശാപ്പ് ചെയ്തു. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചപ്പോള്‍ കപിലും സംഘവും പുറത്തായത് വെറും 183 റണ്‍സില്‍!. വര്‍ഷത്തോട് നീതി പുലര്‍ത്തിയ സംഖ്യ, മുന്‍ ഫൈനലുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്‌കോര്‍ അത്രശുഷ്‌കം. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമര്‍നാഥ്(26), സന്ദീപ് പാട്ടില്‍(27), മദന്‍ ലാല്‍(17) ഇതായിരുന്നു മറ്റുയര്‍ന്ന സ്‌കോറുകള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിംഗും മാര്‍ഷലും ഗോമസുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

അങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന്റെ തകര്‍ച്ച അത്ര ഭീകരമായിരുന്നു. രണ്ടക്കം കടന്നത് നാല് താരങ്ങള്‍ മാത്രം!. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ 33 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. എട്ട് റണ്‍സ് മാത്രമെടുത്ത ലോയ്ഡ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും കണ്ണീരായി. മദന്‍ ലാല്‍, അമര്‍നാഥ്, ബല്‍വീന്ദര്‍... ആ പേരുകളൊക്കെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രുചിച്ചിറക്കാനായില്ല. അതോടെ വിന്‍ഡീസ് 140ല്‍ കീഴടങ്ങി. അവസാനക്കാരന്‍ ഹോള്‍ഡിംഗിന്റെ കാല്‍ തളച്ച് അമര്‍നാഥ് കുറ്റി പിഴുത് ലോഡ്സ് ഗാലറിയിലേക്ക് ഓടിക്കയറി. ഇതോടെ ഹാട്രിക് കിരീട മോഹം വിന്‍ഡീസിന്റെ കൈകളില്‍ നിന്ന് പിടിവിട്ട് ഇന്ത്യയുടെ പക്കല്‍. ഏഴ് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി മൂന്ന് പേരെ പറഞ്ഞയച്ച അമര്‍നാഥ് കളിയിലെ താരമായി.

ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവറായിരുന്നു ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍(384). ലങ്കയ്ക്കെതിരെ 120 പന്തില്‍ നേടിയ 130 റണ്‍സ് ഏറെ ശ്രദ്ധേയമായി. ബാക്കി പ്രധാന നേട്ടങ്ങളെല്ലാം കപ്പിനൊപ്പം ഇന്ത്യയുടെ പക്കലെത്തി. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മികവറിയിച്ച മീഡിയം പേസര്‍ റോജര്‍ ബിന്നി 18 വിക്കറ്റുമായി ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ സിംബാം‌ബ്‌വെക്കെതിരെ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് പുറത്താകാതെ നേടിയ 175 റണ്‍സ്. അങ്ങനെ എല്ലാംകൊണ്ടും 1983 ലോകകപ്പ് ഇന്ത്യയുടെ സ്വന്തമായി.