ലീഡ്‌സ്: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് തലനാരിഴയ്‌ക്ക് ജയം തട്ടിയെടുക്കുകയായിരുന്നു പാക്കിസ്ഥാന്‍. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയാണ് പാക്കിസ്ഥാന്‍റെ ജയം. തടിതപ്പിയ ജയത്തോടെ പാക്കിസ്ഥാന് ലോകകപ്പിലെ ഒരു നേട്ടവും സ്വന്തമായി. 

ഈ ലോകകപ്പില്‍ ഏറ്റവും കുറവ് പന്തുകള്‍ ബാക്കിനില്‍ക്കേ വിജയിക്കുന്ന ടീമെന്ന നേട്ടത്തിലാണ് സര്‍ഫ്രാസും സംഘവുമെത്തിയത്. ലീഡ്‌സില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റിനാണ് അഫ്‌ഗാനെ പാക്കിസ്ഥാന്‍ തോല്‍പിച്ചത്. ദക്ഷിണാഫ്രിക്കയെ മൂന്ന് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റിന് തോല്‍പിച്ച ന്യൂസിലന്‍ഡിന്‍റെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. 

ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ചതോടെ പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. എട്ട് കളിയില്‍ ഒന്‍പത് പോയിന്‍റുമായി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അവസാന ഓവറുകളിലെ ബാറ്റിംഗ് മികവും(പുറത്താകാതെ 49 റണ്‍സ്) രണ്ട് വിക്കറ്റുമായി കളി പാക്കിസ്ഥാന് അനുകൂലമാക്കിയ ഇമാദ് വസീമാണ് കളിയിലെ താരം.  ബൗളിംഗില്‍ നാല് വിക്കറ്റുമായി ഷാഹീന്‍ അഫ്രിദിയും തിളങ്ങി. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 227-9 (50), പാക്കിസ്ഥാന്‍-230-7 (49.4).