മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കി. രോഹിത് ശര്‍മ സെഞ്ചുറി നേടി ഹീറോ ആയപ്പോല്‍ അര്‍ധ ശതകങ്ങളുമായി വിരാട് കോലിയും കെ എല്‍ രാഹുലും മികവ് കാട്ടി. ഒപ്പം കുല്‍ദീപും വിജയ് ശങ്കറും ഹാര്‍ദിക്കും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

എന്നാല്‍, വെറും തോല്‍വിയല്ല, നാണംക്കെട്ട് തലതാഴ്ത്തി ഗ്രൗണ്ട് വിടേണ്ട അവസ്ഥയാണ് സര്‍ഫ്രാസ് അഹമ്മദിനും കൂട്ടര്‍ക്കും ഇന്നലെയുണ്ടായത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടില്ല. മാഞ്ചസ്റ്ററില്‍ പാക് പടയ്ക്കെതിരെ ലോകകപ്പിലെ ഏഴാം വിജയാണ് വിരാട് കോലിയും സംഘവും കുറിച്ചത്.

ലോകകപ്പില്‍ ഇത് ഒരു റെക്കോര്‍ഡ് കൂടിയാണ്. വിശ്വപോരാട്ടത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ടീമായി മാറി ഇന്ത്യ. 7-0 എന്ന നിലയില്‍ ഇന്ത്യക്ക് മുന്നില്‍ പരുങ്ങി നില്‍ക്കുന്ന പാക്കിസ്ഥാന് പക്ഷേ സമാധാനിക്കാന്‍ വകയുണ്ട്.

ശ്രീലങ്ക പാക്കിസ്ഥാനോട് ഇതുവരെ ലോകകപ്പില്‍ വിജയിച്ചിട്ടില്ല. ആകെ ഏഴില്‍ ഏഴും വിജയിച്ചത് പാക് ടീമാണ്. 6-0ത്തിന് വെസ്റ്റ്ഇന്‍ഡീസ് സിംബാബ്‍വെയോടും മുന്നില്‍ നില്‍ക്കുന്നു. മഴ രസംകൊല്ലിയായെത്തിയ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്.

മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.