ബിര്‍മിംഗ്‌ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ എടുത്ത വണ്ടര്‍ ക്യാച്ച് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്‌യെ പുറത്താക്കാനാണ് സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായ ജഡേജ ലോംഗ് ഓണില്‍ പറക്കും ക്യാച്ചെടുത്തത്. ഈ ക്യാച്ചിന് മറ്റൊരു ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചുമായി സാമ്യമുണ്ട് എന്നതാണ് കൗതുകം. 

ബ്രിസ്‌ബേനില്‍ 1992 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ലോംഗ് ഓണില്‍ അജയ് ജഡേജ ഏറെക്കുറെ സമാനമായ പറക്കും ക്യാച്ചെടുത്തിരുന്നു. കപില്‍ ദേവിന്‍റെ പന്തില്‍ അലന്‍ ബോര്‍ഡറെയാണ് അജയ് ജഡേജ പുറത്താക്കിയത്. ജഡേജയുടെ ക്യാച്ചിന് അന്ന് വലിയ പ്രശംസ ലഭിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരെ രവീന്ദ്ര ജഡേജയുടെ മിന്നും ക്യാച്ച് ഇങ്ങനെ. കുല്‍ദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ പന്ത് ലോംഗ് ഓണിലൂടെ സിക്‌സറിന് പറത്താനായിരുന്നു റോയ്‌യുടെ ശ്രമം. എന്നാല്‍ ബൗണ്ടറിക്കരികില്‍ ജഡേജ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കി. റോയ്‌ 57 പന്തില്‍ 66 റണ്‍സ് നേടി. ഏഴ് ഫോറുകളും രണ്ട് സിക്‌സും റോയ്‌യുടെ ബാറ്റില്‍ നിന്ന് പിറന്നു.