സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയാണ് ജഡേജ ഈ മിന്നും ക്യാച്ച് എടുത്തത് എന്നത് പ്രത്യേകത.
ബിര്‍മിംഗ്‌ഹാം: ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് വീണ്ടും തെളിയിച്ച് രവീന്ദ്ര ജഡേജ. ലോകകപ്പില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജാസന്‍ റോയ്‌യെ പുറത്താക്കാനാണ് ജഡേജ പാറിപ്പറന്നത്. സബ്‌സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയാണ് ജഡേജ ഈ മിന്നും ക്യാച്ച് എടുത്തത് എന്നത് മറ്റൊരു പ്രത്യേകത.
മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപ്പണിംഗ് കൂട്ടുകെട്ടാണ് ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പൊളിഞ്ഞത്. കുല്‍ദീപ് യാദവിനെ 23-ാം ഓവറിലെ ആദ്യ പന്തില്‍ ലോംഗ് ഓണിലൂടെ സിക്‌സറിന് പറത്താനായിരുന്നു റോയ്‌യുടെ ശ്രമം. എന്നാല്‍ ബൗണ്ടറിക്കരികില്‍ ജഡേജ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കി.
പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ജാസന്‍ റോയ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പുറത്താകുമ്പോള്‍ 57 പന്തില്‍ 66 റണ്‍സ് റോയ് നേടി. ഏഴ് ഫോറുകളും രണ്ട് സിക്‌സും റോയ്‌യുടെ ബാറ്റില്‍ നിന്ന് പിറന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയ്‌ക്കൊപ്പം 160 റണ്‍സ് കൂട്ടുകെട്ടാണ് റോയ് പടുത്തുയര്‍ത്തിയത്.
