മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കണ്ട് നാലാം ഏകദിന ഡബിള്‍ കൊതിച്ചവരേറെ. രോഹിത് 113 പന്തില്‍ 140 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. രോഹിതിന്‍റെ ബാറ്റിംഗ് കണ്ടതും എക്കാലത്തെയും മികച്ച ഏകദിന ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്തി മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍. 

നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്ന് താരങ്ങള്‍ എക്കാലത്തെയും മികച്ച ഏകദിന ഇലവനില്‍ ഉണ്ടാകുമെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. രോഹിതിനെ കൂടാതെ വിരാട് കോലിയും എം എസ് ധോണിയുമാണ് മറ്റ് രണ്ട് താരങ്ങള്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രോഹിത് ഇരട്ട സെഞ്ചുറി നേടാത്തതിലെ നിരാശ നാസര്‍ ഹുസൈന്‍ മറച്ചുവെച്ചില്ല. 

രോഹിത് ഒരു സെഞ്ചുറി നേടിയാല്‍ അത് മോശം സെഞ്ചുറിയായിരിക്കില്ല. ബാറ്റ് ചെയ്യാന്‍ പ്രയാസമുള്ള പിച്ചിലും ഒരു രോഹിത് ടച്ചുണ്ടാകും. എന്നാല്‍ ഏകദിനത്തിലെ മികവ് ടെസ്റ്റില്‍ തുടരാനാകാത്തത് എന്തുകൊണ്ടാണ് എന്നത് തന്നെ അതിശയിപ്പിക്കുന്നു. അത്രത്തോളം മികച്ച താരമാണ് ഹിറ്റ്‌മാനെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു.