ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്കും സെമിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. 

ലണ്ടന്‍: ലോകകപ്പ് സെമിയിലെ പരാജയം ഇന്ത്യന്‍ ടീമിന്‍റെ ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തു പോയത്. രോഹിത്, കോലി എന്നിവരുള്‍പ്പെടുന്ന ഇന്ത്യന്‍ മുന്നേറ്റനിര സെമിയില്‍ വലിയ പരാജയമായി. ഏഴാം വിക്കറ്റിലിറങ്ങിയ ധോണിയും എട്ടാമതായി ഇറങ്ങിയ ജഡേജയുമാണ് ടീമിനെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്. 

ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്കും സെമിയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. മുപ്പത് മിനിറ്റ് നേരത്തെ മോശം കളി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെയാണ് തകര്‍ത്തതെന്നും ടീമെന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായെന്നും രോഹിത് ട്വിറ്ററില്‍ കുറിച്ചു. 

"ടീമെന്ന നിലയില്‍ ഇന്ത്യ വലിയ പരാജയമായി. മുപ്പത് മിനിറ്റ് നേരത്തെ മോശം കളി ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയെയാണ് തകര്‍ത്തത്. എന്നെ പോലെ തന്നെ നിങ്ങള്‍ക്കും അത് താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയാം. വലിയ പിന്തുണയാണ് നാട്ടിലല്ലാതിരുന്നിട്ട് പോലും ഇന്ത്യന്‍ ടീമിന് ലഭിച്ചത്. ഞങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങുമ്പോഴെല്ലാം ഇംഗ്ലണ്ടിനെ നീലയണിയിച്ച ആരാധകര്‍ക്കെല്ലാം നന്ദി എന്നാണ് താരം ട്വീറ്റ് ചെയ്തത്. 

Scroll to load tweet…