മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസ്- ന്യൂസീലന്‍ഡ് മത്സരം ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടങ്ങളിലൊന്നായിരുന്നു. കിവികളുടെ 291 റണ്‍സ് പിന്തുടര്‍ന്ന് അവസാന ഓവര്‍ വരെ പൊരുതി ജയത്തിനരികെ കീഴടങ്ങി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്. നീഷാമിനെ 49-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറിന് ശ്രമിച്ച് ബ്രാത്ത്‌വെയ്റ്റ് ബൗണ്ടറിക്കരികെ ബോള്‍ട്ടിന്‍റെ കൈകളില്‍ അവസാനിച്ചപ്പോള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും കണ്ണുകലങ്ങി.

എന്നാല്‍ പിന്നീട് മൈതാനത്ത് കണ്ട് കാഴ്‌ചകള്‍ ആ കണ്ണീരിനെ തുടയ്‌ക്കുന്നതായി. മാന്യന്‍മാരുടെ കളിയുടെ മഹത്വം വാഴ്‌ത്തിപ്പാടുന്നതായി ഓള്‍ഡ് ട്രാഫോര്‍ഡിലെ കാഴ്‌ചകള്‍. വിക്കറ്റ് വീണതും തല കുനിച്ചിരുന്ന് വിതുമ്പുകയായിരുന്നു ബ്രാത്ത്‌വെയ്റ്റ്. എന്നാല്‍ അടുത്തെത്തിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണും റോസ് ടെയ്‌ലറും പന്തെറിഞ്ഞ നീഷാമും ബ്രാത്ത്‌വെയ്റ്റിനെ ആശ്വസിപ്പിച്ചു, കൈപിടിച്ച് എഴുന്നേല്‍പിച്ച് ഡ്രസിംഗ് റൂമിലേക്ക് യാത്രയാക്കി. ഈ കാഴ്‌ച കണ്ട് ട്രാഫോര്‍ഡിലെ കാണികള്‍ക്ക് കയ്യടിക്കാതെ വഴിയില്ലായിരുന്നു.

ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ അഞ്ച് റൺസിനാണ് ന്യൂസിലൻഡ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബ്രാത്ത്‌വെയ്റ്റിലൂടെ അവസാന നിമിഷം വരെ വിന്‍ഡീസ് പ്രതീക്ഷകള്‍ കാത്തു. എന്നാല്‍ 82 പന്തില്‍ 101 റണ്‍സുമായി വാലറ്റത്തെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച ബ്രാത്ത്‌വെയ്റ്റ്, ജയത്തിലേക്ക് സിക്‌സര്‍ പായിക്കാനുള്ള ശ്രമത്തില്‍ അതിര്‍ത്തിയില്‍ ബോള്‍ട്ടിന്‍റെ പിടിയിലായി. 

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഓപ്പണര്‍മാരെ പൂജ്യത്തിന് നഷ്ടമായ ശേഷം വില്യംസണ്‍- ടെയ്‌ലര്‍ കൂട്ടുകെട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അ‍ർദ്ധ സെഞ്ചുറിയുമായി ടെയ്‌ലർ(69) മടങ്ങിയെങ്കിലും വില്യംസണ്‍ നിർത്തിയില്ല. 14 ഫോറും ഒരു സിക്സറും അടക്കം 148 റൺസ്. പിന്നാലെ വന്നവരാരും വലിയ ഇന്നിംഗ് കളിക്കാതായതോടെ, കൂറ്റൻ സ്കോർ ലക്ഷ്യമിട്ട കീവിസ് 291 റൺസിലൊതുങ്ങി. തകര്‍പ്പന്‍ സെഞ്ചുറിയുമായി വില്യംസണ്‍ കളിയിലെ താരമായപ്പോള്‍ ന്യൂസീലന്‍ഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.