അഫ്‌ഗാനെതിരെ കോലി നായകനെന്ന നിലയിലും ബാറ്റിംഗിലും മികവ് കാട്ടിയെന്നും ഒരിക്കല്‍ പോലും സമ്മര്‍ദത്തിലായില്ലെന്നും സച്ചിന്‍
സതാംപ്‌ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രശംസ. അഫ്‌ഗാനെതിരെ കോലി നായകനെന്ന നിലയിലും ബാറ്റിംഗിലും മികവ് കാട്ടിയെന്നും ഒരിക്കല്‍ പോലും സമ്മര്‍ദത്തിലായില്ലെന്നും സച്ചിന്‍ പറഞ്ഞു. അഫ്‌ഗാനെതിരായ മത്സരം അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യ വിജയിച്ചിരുന്നു.

'വിരാട് മത്സരത്തില്‍ എപ്പോഴും ആത്മവിശ്വാസത്തിലായിരുന്നു. ഒരിക്കല്‍ പോലും പരിഭ്രാന്തിയിലോ ആശയക്കുഴപ്പത്തിലോ ആയില്ല. കോലിയുടെ ശരീരഭാഷയും ഫൂട്ട് വര്‍ക്കും അത് വ്യക്തമാക്കി. ദുഷ്‌കരമായ പിച്ചില്‍ കോലി നന്നായി ബാറ്റ് ചെയ്തു. ബാറ്റിംഗില്‍ കോലിയുടെ മികച്ച തുടക്കങ്ങളിലൊന്നായിരുന്നു അഫ്‌ഗാനെതിരെയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ബാറ്റിംഗില്‍ 67 റണ്‍സുമായി കോലി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോ.
അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. അഫ്‌ഗാന്‍ ബൗളിംഗില്‍ കരുത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ വന്‍വീഴ്‌ചയിലും കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിലെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവര്‍ പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. അഫ്‌ഗാന്‍ 213 റണ്‍സില്‍ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.
