2014 ജൂണില്‍ സ്വദേശത്തു വച്ച് ഇന്ത്യയ്‌ക്കെതിരായ ഏകദിനം നടക്കുന്നതിനിടയില്‍ കാണികളിലൊരാള്‍ തുടര്‍ച്ചയായി ഷാക്കിബിനെയും ഭാര്യയേയും ചേര്‍ത്തു കളിയാക്കി. രോഷാകുലനായ ഷാക്കിബ് മത്സരം ഉപേക്ഷിച്ച് ഡ്രസിംഗ് റൂമിലേക്കു മടങ്ങി.
ടോണ്‍ടണ്‍: കഴിഞ്ഞവര്‍ഷമാണു ബംഗ്ലാദേശ് ഓള്‍ റൗണ്ടറും വിന്‍ഡീസിനെതിരേയുള്ള മത്സരത്തിന്റെ വിജയശില്‍പ്പിയുമായ ഷാക്കിബ് അല്‍ ഹസന് യുഎസില്‍ നിന്നും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നത്. അന്നു തൊട്ട് ബംഗ്ലാദേശ് ദേശീയ ടീമിലേക്ക് ഷാക്കിബ് കളിക്കാനെത്തുന്നത് അമേരിക്കയില്‍ നിന്നാണ്. ഭാര്യയും കുട്ടിയുമൊത്ത് അമേരിക്കയില്‍ സ്ഥിരതാമസമായതിനു പിന്നിലൊരു കാര്യമുണ്ട്. 2012 ഡിസംബറിലായിരുന്നു പാതി ബംഗ്ലാദേശിയായ അമേരിക്കന്‍ വനിത ഉമി അഹമ്മദ് ഷിഷിറിനെ വിവാഹം ഷാക്കിബ് കഴിക്കുന്നത്. അതിനും ഒരു വര്‍ഷം മുന്‍പ് ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. വോര്‍സെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് അന്നു ഷാക്കിബ് കളിച്ചിരുന്നത്.
2014 ജൂണില്‍ സ്വദേശത്തു വച്ച് ഇന്ത്യയ്‌ക്കെതിരായ ഏകദിനം നടക്കുന്നതിനിടയില്‍ കാണികളിലൊരാള്‍ തുടര്‍ച്ചയായി ഷാക്കിബിനെയും ഭാര്യയേയും ചേര്‍ത്തു കളിയാക്കി. രോഷാകുലനായ ഷാക്കിബ് മത്സരം ഉപേക്ഷിച്ച് ഡ്രസിംഗ് റൂമിലേക്കു മടങ്ങി. അന്യായമായി ഫീല്‍ഡിംഗ് ഗ്രൗണ്ട് വിട്ടതിന് അന്നു ഷാക്കിബിന് ഐസിസി പിഴയിട്ടിരുന്നു. ഇതിനെത്തുടര്‍ന്നു നിരവധി തവണ കാണികളില്‍ നിന്നും ഷാക്കിബിനു കൂവല്‍ ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആറു മാസത്തേക്കാണ് ഷാക്കിബിനെ ഇതേത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നും വിലക്കിയത്.
വെസ്റ്റിന്‍ഡീസ് പര്യടനം നഷ്ടപ്പെട്ടതു കൂടാതെ 2014 ജൂലൈ മുതല്‍ 2015 ഡിസംബര്‍ വരെ വിദേശപര്യടനങ്ങളില്‍ കളിക്കുന്നതിനു ഷാക്കിബിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. അതിനിടയില്‍ ബിസിബിയുടെ എന്‍ഒസി-യില്ലാതെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനു വേണ്ടി കളിക്കാനിറങ്ങിയതു വീണ്ടും പ്രശ്‌നമായി. ബംഗ്ലാ കോച്ച് ചന്ദിക ഹതുരസിംഗയുമായി ഉരസലുണ്ടായതോടെ ക്രിക്കറ്റ് ഉപേക്ഷിക്കാന്‍ പോലും ഷാക്കിബ് തീരുമാനിച്ചു. വാര്‍ത്തകള്‍ പടര്‍ന്നതോടെ ബിസിബി മൂന്നരമാസം കഴിഞ്ഞ് വിലക്ക് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷാക്കിബ് വിദേശവാസത്തിനു തയ്യാറെടുക്കുന്നത്.
202 ഏകദിനങ്ങളും 55 ടെസ്റ്റുകളും കളിച്ച ഷാക്കിബ് ഏകദിനങ്ങളില്‍ 254 വിക്കറ്റുകളും 6101 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 250 വിക്കറ്റും 6000 റണ്‍സും നേടുന്ന ആദ്യ ഓള്‍റൗണ്ടറാണ് ഷാക്കിബ്. ഏകദിനത്തില്‍ ഒമ്പത് സെഞ്ചുറി നേടിയിട്ടുള്ള ഷാക്കിബ് ഈ ലോകകപ്പില്‍ വിന്‍ഡീസിനെതിരേയും ഇംഗ്ലണ്ടിനെതിരേയും സെഞ്ചുറി നേടിയിരുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് (224) ഷാക്കിബിന്റെയും- മെഹമദുള്ളയുടെയും പേരിലാണ്. ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ ട്വന്റി 20 വിക്കറ്റുകള്‍ നേടിയിട്ടുള്ളതും (76 വിക്കറ്റുകള്‍- ഷെറി ബംഗ്ലാ നാഷണല്‍ സ്റ്റേഡിയം, മിര്‍പുര്‍) ഷാക്കിബ് തന്നെ.
ഇതിനു പുറമേ എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കുമെതിരേ അഞ്ചു വിക്കറ്റ് പ്രകടനം നടത്തിയ നാലാമത്തെ ബൗളറും ഇദ്ദേഹം തന്നെ (ഡെയ്ല്‍ സ്റ്റെയിന്‍, മുത്തയ്യ മുരളീധരന്‍, രംഗണ ഹെറാത്ത് എന്നിവരാണ് മറ്റുള്ളവര്‍). ടെസ്റ്റിലും ഏകദിനത്തിലുമായി പതിനായിരം റണ്‍സും 500 വിക്കറ്റും തികച്ച ലോകത്തിലെ മൂന്നാമത്തെ ഓള്‍റൗണ്ടര്‍, പത്തു വിക്കറ്റും സെഞ്ചുറിയും നേടിയ ലോകത്തിലെ മൂന്നാമത്തെ ഓള്‍റൗണ്ടര്‍ (ഇയാന്‍ ബോതം, ഇമ്രാന്‍ ഖാന്‍), ഐസിസി റാങ്കിങ്ങില്‍ എല്ലാ ഫോര്‍മാറ്റിലും നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഒരേയൊരാള്‍ തുടങ്ങി റെക്കോഡുകളുടെ പെരുമഴ തന്നെ ഷാക്കിബിന്റെ പേരിലുണ്ട്.
