സതാംപ്ടണ്‍: ലോകകപ്പിൽ അഫാഗാനിസ്ഥാനെതിരെ ഇറങ്ങിയ ഇന്ത്യൻ ടീമിൽ ഒരു അപൂർവ്വതയുണ്ട്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീമിലെ പതിനൊന്ന് പേരും പതിനൊന്ന് വ്യത്യസ്ത രഞ്ജി ടീമിൽ കളിക്കുന്നവരായിരുന്നു. 28 സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്ന വലിയ രാജ്യത്തിന്‍റെ ടീമാണിത്.

വൈവിധ്യങ്ങളേറെ അവകാശപ്പെടാനുള്ള രാജ്യമാണെങ്കിലും ക്രിക്കറ്റ് ടീമിൽ ഇങ്ങനെയൊരു വൈവിധ്യം ഇതാദ്യം. 11 പേരും 11 രഞ്ജി ടീമുകളിൽ കളിക്കുന്നവർ. ക്യാപ്റ്റൻ കോലി ഡൽഹിയുടെ താരമാണ്. പക്ഷെ ക്യാപറ്റനല്ല. വൈസ് ക്യാപ്റ്റൻ രോഹിത് മുംബൈയുടെ വമ്പുള്ള താരം.

ഓപ്പണർ കെ എൽ രാഹുൽ കേരളത്തിന്‍റെ അയൽ സംസ്ഥാനമായ കർണാടകയിൽ നിന്ന്. ഒപ്പം വിജയ് ശങ്കർ തമിഴ്നാട്ടുകാരനും. ധോണി ആകട്ടെ ജാർഖണ്ഡിൽ നിന്ന് കേദാർ ജാദവ് മഹാരാഷ്ട്രയിൽ നിന്ന് ഹാർദിക് പാണ്ഡ്യ ബറോഡക്കാരന്‍.

ഉത്തർപ്രദേശുകാരനാണ് ചൈനാമെൻ ബോളർ കുൽദീപ്. ബുമ്രയാകട്ടെ ഗുജറാത്ത് ടീം. ബംഗാളിൽ നിന്നാണ് ഷമിയുടെ വരവ്. ചഹാല്‍ ഹരിയാനക്കാരനാണ്.  ചുരുക്കത്തിൽ തെക്ക് നിന്നും വടക്ക് നിന്നും കിഴക്കു നിന്നും പടിഞ്ഞാറ് നിന്നും ഇന്ത്യൻ ടീമിലേക്ക് താരങ്ങളെത്തി, ആകെ ഒരു സമ്പൂര്‍ണ ഇന്ത്യൻ ടീം. ജാർഖണ്ഡുകാരന്‍ ഇന്ത്യൻ ക്യാപ്റ്റൻ ആയത് മുതൽ സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് നേടിയ കുതിപ്പാണ് ഈ വൈവിധ്യത്തിന് കാരണം.

ഐപിഎല്ലും ആഭ്യന്തര ലീഗുകളും താരങ്ങളെ വളർത്തിക്കൊണ്ട് വന്നു. മുംബൈക്കപ്പുറത്തേക്കും നീലകുപ്പായത്തിന് അവകാശികള്‍ എത്തുന്പോള്‍ നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തിന് ഒരിക്കല്‍ കൂടി അംഗീകാരം ലഭിക്കുകയാണ്.