പാക്കിസ്ഥാന്‍ ടീമിലേക്ക് ഇമാം ഉള്‍ ഹഖ് എത്തിയപ്പോള്‍ സന്തോഷിച്ചവരെക്കാളും ഏറെ നെറ്റി ചുളിച്ചവരാണ്. പാക്കിസ്ഥാന്‍റെ ഇതിഹാസ താരവും നായകനുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖ്, ഇമാമിന്‍റെ അമ്മാവനായിരുന്നത് തന്നെ കാരണം. വിമര്‍ശകര്‍ കുടുംബാധിപത്യം എന്ന സ്ഥിരം ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ സംഭവം കൊളുത്തി.

പാക്കിസ്ഥാന്‍റെ മുഖ്യ സെലക്ടര്‍ ആയി ഇന്‍സമാം ഉള്ളതിനാല്‍ പലരും ഇമാമിന്‍റെ പ്രതിഭയില്‍ പോലും സംശയം പ്രകടിപ്പിച്ചു. ഇന്‍സമാം അനന്തിരവന് പക്ഷാഭേദം കാണിച്ചുവെന്ന ആരോപണം ഉയരുമ്പോള്‍ ഇമാം ബാറ്റ് കൊണ്ടു മറുപടി പറഞ്ഞു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികച്ച ലോകത്തിലെ രണ്ടാമത്തെ താരമായാണ് ഇമാം വിമര്‍ശകരുടെ വായ് മൂടിക്കെട്ടിയത്.

19 ഇന്നിംഗ്സുകളിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. ലോകകപ്പിനു മുന്‍പ് നടന്ന ഇംഗ്ലീഷ് പര്യടനത്തിലാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ ഇരുപത്തിമൂന്നുകാരന്‍ നടത്തിയത്, 151 റണ്‍സ്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു പാക്കിസ്ഥാന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതിനു മുന്‍പ് ഓപ്പണര്‍ ഫഖര്‍ സമനോടൊപ്പം സിംബാബ് വേയ്‌ക്കെതിരേ 304 റണ്‍സിന്റെ കൂട്ടുക്കെട്ട് തീര്‍ത്തിട്ടുണ്ട്.

പാക്കിസ്ഥാന്‍ അവരുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ ഒരു വിക്കറ്റിന് 399 റണ്‍സ് കണ്ടെത്തിയത് ഈ മത്സരത്തിലായിരുന്നു. ഈ പരമ്പരയില്‍ ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത് 705 റണ്‍സായിരുന്നു. കരിയറിലെ ആറു സെഞ്ചുറികളില്‍ മൂന്നും ഈ പരമ്പരയിലായിരുന്നുവെന്ന് ഓര്‍ക്കണം. 

എന്നാല്‍ അതിനും മുന്‍പേ ഇമാം തന്റെ വരവ് അറിയിച്ചിട്ടുണ്ട്. ആദ്യ ഏകദിനത്തില്‍ തന്നെ സെഞ്ചുറി. 2017 ഒക്ടോബര്‍ 18-ന് ശ്രീലങ്കയ്‌ക്കെതിരേയാണ് അബുദാബിയില്‍ മാന്‍ ഓഫ് ദി മാച്ചും സെഞ്ചുറിയുമായി (100) ഇന്‍സമാമിന്റെ ധീരന്‍ തീരുമാനത്തെ ന്യായീകരിച്ചത്. സലിം ഇലാഹിക്കു ശേഷം അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പാക് താരമായി അങ്ങനെ ഇമാം. 

അതിനും മുന്‍പ് ക്വയ്ദ് ഇ-അസം ട്രോഫിയില്‍ ഹബീബ് ബാങ്ക് ലിമിറ്റഡിനു വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ പുറത്താകാതെ 200 റണ്‍സ് നേടിയിട്ടുണ്ട് ഈ താരം. ഇതുവരെ 30 ഏകദിനങ്ങള്‍ കളിച്ചു കഴിഞ്ഞു. 57.32 ശരാശരിയോടെ 1433 റണ്‍സ് നേടി കഴിഞ്ഞു. ലോകകപ്പില്‍ നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ 44 റണ്‍സ് നേടിയ താരം ഓസ്‌ട്രേലിയക്കെതിരേ 53 റണ്‍സ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മാഞ്ചസ്റ്ററില്‍ 16-ന് ഇന്ത്യയുമായാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.

അമ്മാവന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ പ്രേരണയിലാണ് കൊച്ചു ഇമാം ബാറ്റ് എടുത്തു തുടങ്ങിയത്. 40 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചു തീരും മുന്‍പേ ആശാന്‍ പാക്കിസ്ഥാന്‍ ദേശീയ ടീമിലെത്തി. അതും ഇരുപതു വയസു തികയും മുന്നേ. ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടര്‍ ആയപ്പോള്‍ വഴികള്‍ തുറന്നു കിട്ടിയത് വളരെ വേഗത്തിലായിരുന്നു.

പക്ഷേ പാക് ടീമിലെത്തി റണ്‍സ് ഒഴുക്കിയതോടെ വിമര്‍ശകരുടെ വായ് തനിയെ അടഞ്ഞു.  ഇമാം ഉള്‍ ഹഖിന്റെ മുത്തച്ഛന്മാര്‍ ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹാന്‍സി സ്വദേശികളായിരുന്നു. ഇന്ത്യ-പാക് വിഭജനം വന്നതോടെ ഉള്ളതെല്ലാം കൈയിലെടുത്തു പിറന്ന നാടും വിട്ട് ഹഖിന്റെ മാതാപിതാക്കള്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യുകയായിരുന്നു. ലാഹോറിലാണ് ഇമാം ജനിച്ചത്. അതിനു മുന്‍പ് മുള്‍ട്ടാനിലായിരുന്നു.