സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്‌ഗാനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യയെത്തിയത് ചരിത്ര നേട്ടത്തില്‍. ലോകകപ്പ് ചരിത്രത്തില്‍ 50 ജയങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. ഓസ്‌ട്രേലിയ 67 ജയങ്ങളും ന്യൂസീലന്‍ഡ് 52 ജയവും നേടിയിട്ടുണ്ട്. 45 ജയങ്ങളുമായി ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍. 

സതാംപ്‌ടണില്‍ അഫ്‌ഗാനെതിരെ അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ 11 റണ്‍സിന് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 224 റണ്‍സാണ് നേടാനായത്. അഫ്‌ഗാന്‍ ബൗളിംഗില്‍ കരുത്തില്‍ ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു. വിരാട് കോലി(67), കേദാര്‍ ജാദവ്(52) എന്നിവരാണ് ഇന്ത്യയെ വന്‍വീഴ്‌ചയിലും കാത്തത്. രാഹുല്‍(30), ധോണി(28), വിജയ് ശങ്കര്‍(29), രോഹിത്(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. നൈബും നബിയും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ ഷമി തുടക്കത്തിലെ ഓപ്പണര്‍ ഹസ്‌റത്തുള്ളയെ(10) മടക്കി. നൈബ്(27), റഹ്‌മത്ത്(36), ഷാഹിദി(21), നജീബുള്ള(21) എന്നിവര്‍ പുറത്തായെങ്കിലും അര്‍ദ്ധ സെഞ്ചുറിയുമായി മുഹമ്മദ് നബി അഫ്‌ഗാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ 49-ാം ഓവറില്‍ ബുമ്ര മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. അവസാന ഓവറില്‍ ഹാട്രിക്കുമായി ഷമി ഇന്ത്യയെ ജയിപ്പിച്ചു. അഫ്‌ഗാന്‍ 213 റണ്‍സില്‍ പുറത്തായി. ഷമി നാലും ബുമ്രയും ചാഹലും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും നേടി.